Top
17
Sunday, December 2017
About UsE-Paper

ജിസിസി ഉച്ചകോടിക്ക് സമാപനം : സഹകരണ കൌണ്‍സിലിനെ ഗള്‍ഫ് യൂണിയനാക്കണം

Thursday Dec 7, 2017
അനസ് യാസിന്‍

 മനാമ > ഐക്യത്തിനുള്ള പ്രതിബദ്ധതയും എല്ലാ മേഖലകളിലും  ഏകോപനം സാധ്യമാക്കാനുള്ള താല്‍പ്പര്യവും പ്രകടമാക്കി 38-ാമത് ജിസിസി ഉച്ചകോടി കുവൈത്തില്‍ സമാപിച്ചു. ആറംഗ രാജ്യങ്ങളിലെ നേതാക്കളും ജിസിസി ലക്ഷ്യങ്ങളോട് സമര്‍പ്പിതരാണെന്നും ജിസിസി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് പെരുമാറുന്നുവെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഉച്ചകോടിയുടെ അന്തിമ കമ്യൂണിക്കെ വിലയിരുത്തി. ഗള്‍ഫ് സഹകരണ കൌണ്‍സിലിനെ ഗള്‍ഫ് യൂണിയനാക്കണമെന്ന സൌദി മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിര്‍ദേശത്തിനും കമ്യൂണിക്കെ പിന്തുണ ആവര്‍ത്തിച്ചു. 1967ലെ അതിര്‍ത്തികള്‍ പ്രകാരം ജെറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ജെറുസലേമിന്റെ നിയമ, നയതന്ത്ര, രാഷ്ട്രീയ പദവിയില്‍ മാറ്റംവരുത്താനുള്ള ഇസ്രയേല്‍ നടപടി ഉച്ചകോടി തള്ളി.

മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ സംബന്ധിച്ച് ജിസിസി നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചതായി സമാപന പ്രസംഗത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാ അറിയിച്ചു. ഒരിക്കല്‍കൂടി ഗള്‍ഫ് കൂട്ടായ്മ അതിന്റെ കരുത്തും വെല്ലുവിളി നേരിടാനുള്ള കഴിവും  പ്രകടിപ്പിച്ചതായും അമീര്‍ പറഞ്ഞു.
കുവൈത്ത് അമീറിനു പുറമേ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം, യുഎഇ വിദേശ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, സൌദി വിദേശമന്ത്രി ആദെല്‍ അല്‍ ജുബൈര്‍, ബഹ്റൈന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ബിന്‍ മുബാറക്, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

ഉച്ചകോടി കുവൈത്തില്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് സൌദിയുമായി പുതിയ സംയുക്ത സാമ്പത്തിക, സഹകരണ സമിതി യുഎഇ പ്രഖ്യാപിച്ചത്. ജിസിസിക്ക് ബദലാണ് ഈ സഖ്യമെന്ന വിലയിരുത്തലുകളും വന്നു. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്കാരിക മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി യുഎഇ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു. 

ഖത്തറിനെതിരായി സൌദി, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആരംഭിച്ച ഉപരോധം ചൊവ്വാഴ്ച ആറുമാസം പിന്നിട്ടിരുന്നു. ഖത്തറുമായുള്ള പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ പരിഹാരമായേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജിസിസിയിലെ ഭിന്നത തീര്‍ക്കാനാകാതെയാണ് ഉച്ചകോടി അവസാനിച്ചത്.