Top
24
Friday, November 2017
About UsE-Paper

കേരളം ഐടി ഹബ് ഇന്റലും യുഎസ്ടി ഗ്ളോബലുമായി ധാരണ

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌

 


തിരുവനന്തപുരം > കേരളത്തെ ഹാര്‍ഡ്വേര്‍ ഉല്‍പ്പാദന കേന്ദ്രമാക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ പ്രമുഖ ആഗോള ഹാര്‍ഡ്വേര്‍ കമ്പനിയായ ഇന്റല്‍ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യുഎസ്ടി ഗ്ളോബലുമായും സംസ്ഥാന സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ടു.

ലാപ്ടോപ്പുകള്‍, സര്‍വര്‍ ഘടകങ്ങള്‍ മുതലായവ ഉല്‍പ്പാദിപ്പിച്ച് വിപണനംചെയ്യുന്നതിന് കേരളത്തിന് വലിയ സാധ്യതയാണുള്ളത്. സംസ്ഥാനത്തെ ഇലക്ട്രോണിക് ഹാര്‍ഡ്വേര്‍ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതി കേരള ഹാര്‍ഡ്വേര്‍ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുമായി ചേര്‍ന്ന് ഇന്റലും യുഎസ്ടിയും തയ്യാറാക്കും. റിപ്പോര്‍ട്ട് ഡിസംബര്‍ 31നു മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഐടി വകുപ്പ് ധാരണപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍, ഇന്റല്‍ ഇന്ത്യമാര്‍ക്കറ്റിങ് വിഭാഗം എംഡി പ്രകാശ് മല്യ, ഇന്റല്‍ ഇന്ത്യ സ്ട്രാറ്റജിക് ഡെവലപ്മെന്റ് ഡയറക്ടര്‍ ജിതേന്ദ്ര ചദ്ദ, യുഎസ്ടി ഗ്ളോബല്‍ സെമി കണ്ടക്ടര്‍ ഡിവിഷന്‍ തലവന്‍ ഗില്‍റോയ് മാത്യു, ഹാര്‍ഡ്വേര്‍ മിഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജയശങ്കര്‍പ്രസാദ്, കെല്‍ട്രോണ്‍ എംഡി ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.

ഇലക്ട്രോണിക് ഹാര്‍ഡ്വേര്‍ വ്യവസായപദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് സംയുക്തസംരംഭം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇന്റല്‍, യുഎസ്ടി ഗ്ളോബല്‍ കമ്പനികളുടെ നിര്‍മാണ വൈദഗ്ധ്യം ഇതിനായി പ്രയോജനപ്പെടുത്തും. ഈ രംഗത്ത് കേരളത്തിനുള്ള സാങ്കേതിക പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. കേരളത്തില്‍ ഹാര്‍ഡ്വേര്‍ വ്യവസായം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നേടാനാണ് ഹാര്‍ഡ്വേര്‍ മിഷന്‍ രൂപീകരിച്ചത്. ഇപ്പോള്‍ ഒപ്പിട്ട ധാരണപത്രം ഈ ദിശയിലുളള പ്രധാന ചുവടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾ »