Top
19
Thursday, October 2017
About UsE-Paper

നഗരത്തില്‍ വാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍മത്സരം നടക്കുന്ന 7, 10, 13, 18, 22 തീയതികളില്‍ ഇടപ്പള്ളി ബൈപാസ്മുതല്‍ ഹൈക്കോടതി ജങ്ഷന്‍വരെ റോഡില്‍ ചെറിയ വാഹനങ്ങള്‍ക്കും സര്‍വീസ് ബസുകള്‍ക്കും ഒഴികെ കോണ്‍ട്രാക്ട് ക്യാരേജ്, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ക്ക് പകല്‍ രണ്ടുമുതല്‍ പാലാരിവട്ടം-ഹൈക്കോടതി ജങ്ഷന്‍ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. ഇവിടെ പാര്‍ക്കിങ്ങും പാടില്ല.

ഇതുള്‍പ്പെടെ കര്‍ശന ഗതാഗതനിയന്ത്രണമാണ് കളിയുള്ള ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയിന്‍ഗേറ്റ്മുതല്‍ സ്റ്റേഡിയംവരെയുള്ള റോഡിലും സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും പിന്‍വശത്ത് കാരണക്കോടംവരെയുള്ള റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല.

മത്സരം കാണാന്‍ ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ പാലാരിവട്ടം റൌണ്ട് തമ്മനം റോഡ്, കാരണക്കോടംവഴിയും വൈറ്റില ഭാഗത്തുനിന്ന് എസ് എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടംവഴിയും സ്റ്റേഡിയത്തിന്റെ പിന്‍ഭാഗത്തെത്തി കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൌണ്ട്, ഐഎംഎ ഗ്രൌണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൌണ്ട്, ഹെലിപാഡ് ഗ്രൌണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക്ചെയ്യണം. വലിയ വാഹനങ്ങള്‍ ഇടപ്പള്ളി-വൈറ്റില ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ്റോഡുകളിലും, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്ക്ചെയ്യണം. മത്സരം കാണാന്‍ വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗങ്ങളില്‍നിന്നു വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിങ് ഗ്രൌണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്സ് കോളേജ് ഗ്രൌണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക്ചെയ്യണം.

ചേരാനല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ കളമശേരി പ്രീമിയര്‍ ജങ്ഷന്‍, ഇടപ്പള്ളി ബൈപാസ് ജങ്ഷന്‍ എന്നിവിടങ്ങളിലെത്തി ആളുകളെ ഇറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ പാര്‍ക്ക്ചെയ്യണം. യാത്രക്കാര്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ, ബസ് സര്‍വീസുകളില്‍ എത്തണം. ബോള്‍ഗാട്ടിയില്‍നിന്ന് ഗോശ്രീ ഒന്നാംപാലംവഴി സര്‍വീസ്ബസുകള്‍ ഒഴികെയുള്ള മറ്റൊരു ഭാരവാഹനങ്ങള്‍ക്കും പകല്‍ രണ്ടുമുതല്‍ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.
തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷന്‍, കളമശേരി പ്രീമിയര്‍ ജങ്ഷന്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കി ആലുവ മണപ്പുറം, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക്ചെയ്യണം. യാത്രക്കാര്‍ മെട്രോയിലോ ബസിലോ സ്റ്റേഡിയത്തിലേക്കെത്തണം.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജങ്ഷനില്‍ ആളുകളെ ഇറക്കി ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ്റോഡുകളില്‍ പാര്‍ക്ക്ചെയ്യണം.

ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി സര്‍വീസ്റോഡില്‍ പാര്‍ക്ക്ചെയ്യണം.
മത്സരം കാണാന്‍വരുന്നവരില്‍ പാസുള്ളവരുടെ വാഹനങ്ങള്‍ക്കു മാത്രമെ സ്റ്റേഡിയം പാര്‍ക്കിങ്ഗ്രൌണ്ടിലേക്ക് പ്രവേശനമുള്ളൂ. കാണികളുടെ വാഹനങ്ങള്‍ സ്റ്റേഡിയത്തിനു ചുറ്റുമുള്ള സ്റ്റേഡിയം റൌണ്ടില്‍ പ്രവേശിപ്പിക്കില്ല. പ്രവേശനം അനുവദിക്കാന്‍ നിയമപ്രകാരമുള്ള സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പ്രവേശിപ്പിക്കും.
പകല്‍ 3.30നുശേഷം വൈറ്റില, തമ്മനം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ തമ്മനം ജങ്ഷനില്‍നിന്ന് നേരെ സംസ്കാര ജങ്ഷനിലെത്തി പൈപ്പ്ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തിനു സമീപത്തെ പാര്‍ക്കിങ്ഗ്രൌണ്ടുകളില്‍ പ്രവേശിക്കണം. തമ്മനം ജങ്ഷനില്‍നിന്ന് കാരണക്കോടം ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.10, 13, 18 തീയതികളില്‍ രാത്രി 9.30 മുതല്‍ കതൃക്കടവ് ജങ്ഷനില്‍നിന്ന് കാരണക്കോടം ജങ്ഷനിലേക്കും തമ്മനം ജങ്ഷനില്‍നിന്ന് കാരണക്കോടം ജങ്ഷനിലേക്കും ഗതാഗതം അനുവദിക്കില്ല.

ക്വാര്‍ട്ടര്‍ഫൈനല്‍ ദിവസമായ 22ന് വൈകിട്ട് 6.30 മുതല്‍  കതൃക്കടവ് ജങ്ഷനില്‍നിന്ന് കാരണക്കോടം ജങ്ഷനിലേക്കും തമ്മനം ജങ്ഷനില്‍നിന്ന് കാരണക്കോടം ജങ്ഷനിലേക്കും ഗതാഗതം അനുവദിക്കില്ല. കാരണക്കോടം ജങ്ഷന്‍മുതല്‍ സ്റ്റേഡിയത്തിനു പിന്നില്‍വരെയുള്ള നാലുവരിപ്പാതയില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്‍പ്പെടെ പകല്‍ രണ്ടുമുതല്‍ 10 വരെ പാര്‍ക്കിങ് അനുവദിക്കില്ല. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!