18 June Monday

ലീഗ് ഉള്ളതുകൊണ്ടല്ല കേരളത്തില്‍ മുസ്ളിങ്ങള്‍ ആക്രമിക്കപ്പെടാത്തത്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

കണ്ണമംഗലം (വേങ്ങര) > മുസ്ളിംലീഗ് ഉള്ളതുകൊണ്ടല്ല കേരളത്തില്‍ മുസ്ളിങ്ങള്‍ സംരക്ഷിക്കപ്പെടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇവിടെ ഇടതുപക്ഷം ശക്തമാണ്. അത് മുസ്ളിങ്ങള്‍ ഉള്‍പെടെയുള്ള ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അത് വേങ്ങരയിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ തെളിയിക്കും. അച്ചനമ്പലത്ത് എല്‍ഡിഎഫ് കണ്ണമംഗലം പഞ്ചായത്ത് റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

രാഷ്ട്രീയക്കളിക്കുള്ള കരുവാക്കി വേങ്ങരയെ മാറ്റുകയാണ് ലീഗ്. എങ്ങനെ ആയാലും ജയിക്കും എന്ന് കരുതി ജയിച്ചുപോയാലും ഒന്നുംചെയ്യേണ്ട എന്നാണ് അവരുടെ ധാരണ. അതുകൊണ്ടുതന്നെ വികസനരംഗത്ത് ഏറ്റവും പിന്നിലായി ഈ മണ്ഡലം. ഇതിന് മാറ്റംവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തം. എല്‍ഡിഎഫ് ജയിച്ചാല്‍ വികസിത മണ്ഡലമായി വേങ്ങര മാറും. അത് ലീഗിനും യുഡിഎഫിനും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന്  ഹര്‍ത്താല്‍ നടത്തുന്നത്.   

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ഇടതുപക്ഷമേയുള്ളൂവെന്ന് കോടിയേരി പറഞ്ഞു. ഒഡീഷയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരെ അക്രമം നടന്നപ്പോള്‍ ആരാധന നടത്താന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നുകൊടുത്ത പാര്‍ടിയാണ് സിപിഐ എം. ന്യൂനപക്ഷ വിഭാഗങ്ങള്‍ എവിടെയൊക്കെ ആക്രമിക്കപ്പെട്ടുവോ അവിടെയെല്ലാം ഓടിയെത്തി സമാശ്വാസം നല്‍കുന്നതും ഇടതുപക്ഷമാണ്- കോടിയേരി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പട്ടികവിഭാഗങ്ങളില്‍പെട്ടവര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ബിജെപി ശ്രമം. അത് കേരളത്തിലും നടപ്പാക്കാനാവുമോ എന്നാണ് നോട്ടം. ആ പരിപ്പ് ഇവിടെ വേവില്ല. അവരുടെ വര്‍ഗീയ അജന്‍ഡ ഇവിടെ നടപ്പില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് റോഡിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്ത് ഇങ്ങനെ നടക്കാന്‍ കഴിയില്ല. ഓക്സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ അദ്ദേഹത്തെ തടയും. എല്ലാ ബിജെപി നേതാക്കളും ഇവിടേക്ക് വരികയാണ്. കേരളത്തില്‍ ഒട്ടേറെ മുഖ്യമന്ത്രിമാര്‍ വരാറുണ്ട്. അവര്‍ക്കാര്‍ക്കും ഇവിടെ ഒരു പ്രയാസവും ഭീഷണിയും ഉണ്ടാകാറില്ല. അതാണ് കേരളം. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളില്‍ തടയുമെന്നാണ് അവര്‍ പറയുന്നത്- കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top