Top
18
Monday, December 2017
About UsE-Paper

കേരളം - യുപി താരതമ്യം യോഗിയെ പൊളിച്ചടുക്കി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌


കണ്ണൂര്‍ > ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് തന്നെ കണ്ടു പഠിക്കണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശത്തെ  ഇന്ത്യാ ടുഡേ പൊളിച്ചടുക്കി.  രണ്ട് ആശുപത്രികളിലെയും സൌകര്യങ്ങളുടെ വീഡിയോ സഹിതമാണ് വാര്‍ത്ത.  തലശേരി ജനറല്‍ ആശുപത്രിയെയും ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയെയും താരതമ്യം ചെയ്താണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ആശുപത്രി ഭരണപരാജയത്തിന്റെ തെളിവാകുമ്പോള്‍ പലകാര്യങ്ങളിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണ്.  വിവിധ രംഗങ്ങളിലെ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കണക്കു സഹിതം ഇന്ത്യാ ടുഡേ അവതരിപ്പിച്ചു. ഇരുസംസ്ഥാനങ്ങളിലേയും സാക്ഷരത, ശിശുമരണം, വളര്‍ച്ച നിരക്കുകളും ആയുര്‍ദൈര്‍ഘ്യവും  റിപ്പോര്‍ട്ടിലുണ്ട്.

അറുപതു കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച ഗോരഖ്പുര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ് യുപി മുഖ്യമന്ത്രി യോഗിയുടെ താരതമ്യത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സന്ദര്‍ശിച്ചു. ശിശുരോഗ വിഭാഗത്തില്‍ കുട്ടികള്‍ തറയില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഒരു കിടക്കയില്‍ തന്നെ മൂന്ന് കുട്ടികള്‍. എന്നാല്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ കുട്ടികള്‍ക്ക് പ്രത്യേകം കിടക്കകളാണ് തങ്ങള്‍ക്ക് കാണാനായതെന്ന് റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
യുപിയില്‍ രോഗികള്‍ക്ക് നിലവാരമില്ലാത്ത ചികിത്സയാണ് ലഭിക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. നിരവധി കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച വാര്‍ഡിനോ ആശുപത്രിക്കോ രണ്ടു മാസം കഴിഞ്ഞിട്ടും സൌകര്യങ്ങളില്‍ ഒരു മാറ്റവുമില്ലെന്നും ഇന്ത്യ ടുഡേ ചൂണ്ടിക്കാട്ടുന്നു.

ചികിത്സ ലഭിക്കാത്തതിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ തങ്ങള്‍ക്ക് രക്തം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ദിവസം ആയിരത്തിലേറെ രോഗികളെത്തുന്നു. ഭൂരിഭാഗവും ആദിവാസി മേഖലകളില്‍നിന്നുള്ളവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. ആശുപത്രിയിലെ മുറികളും ഉപകരണങ്ങളും വൃത്തിയുള്ളവയാണ്. രോഗികള്‍ക്ക് ആവശ്യത്തിന് ബെഡ്ഡുകളുണ്ട്.

ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായപ്പോള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ആറ് മാസത്തിനിടെ ഒരു നവജാത ശിശു പോലും മരിച്ചിട്ടില്ല. യോഗി ആദിത്യനാഥിന്റെ താരതമ്യം യുക്തിരഹിതമാണെന്ന് മാത്രമല്ല രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ രംഗങ്ങളിലെ ഔദ്യോഗിക കണക്കുകള്‍ നിരത്തിയുള്ള ഇന്ത്യാ ടുഡേയുടെ വിശകലനം. ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍, ശിവേന്ദ്ര ശ്രീവാസ്തവ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related News

കൂടുതൽ വാർത്തകൾ »