16 July Monday

ബോള്‍റണ്‍- ദീപശിഖാ റാലികള്‍ കൊച്ചിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017


കൊച്ചി > സംസ്ഥാനമൊട്ടാകെ ഫുട്ബോള്‍ ആരവം നിറച്ച് ബോള്‍റണ്‍, ദീപശിഖാ റാലികള്‍ക്ക് കൊച്ചിയില്‍ സമാപനം. തിരുവനന്തപുരം കളിയിക്കാവിളയില്‍നിന്നാരംഭിച്ച ബോള്‍റണ്ണും കാസര്‍കോടുനിന്നാരംഭിച്ച ദീപശിഖാ റാലിയുമാണ് വെള്ളിയാഴ്ച വൈകിട്ട് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ സമാപിച്ചത്.

പ്രമുഖ കായികതാരങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് ദീപശിഖാറാലിയും ബോള്‍റണ്ണും മത്സരവേദിയായ കൊച്ചിയിലെത്തിയത്. ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ ദീപശിഖ ഏറ്റുവാങ്ങിയ മന്ത്രി എ സി മൊയ്തീന്‍, പ്രത്യേകം സജ്ജീകരിച്ച തട്ടിലേക്ക് ദീപം പകര്‍ന്നു. ബോള്‍റണ്ണിന്റെ ഭാഗമായുള്ള ഫുട്ബോളും പ്രത്യേകം സജ്ജീകരിച്ച ഇടത്തേക്ക് മന്ത്രി സ്ഥാപിച്ചു. മത്സരം തീരുന്ന 22 വരെ ഇവിടെ ദീപം അണയാതെ സൂക്ഷിക്കും.

കായികവകുപ്പിന്റെ സഹകരണത്തോടെ സ്പോര്‍ട്സ് കൌണ്‍സില്‍ സംഘടിപ്പിച്ച റാലികള്‍ പുലികളി, ചെണ്ടമേളം, കളരിയഭ്യാസം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സമാപനസ്ഥലത്തെത്തിയത്. തുടര്‍ന്നു ചേര്‍ന്ന യോഗം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസൈന്‍, മുതിര്‍ന്ന കായികതാരങ്ങള്‍, സ്പോര്‍ട്സ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രചരണാര്‍ഥം നടത്തിയ വണ്‍മില്യണ്‍ ഗോള്‍ പരിപാടിയില്‍ 10 ലക്ഷം ഗോളടിക്കാനാണ് തീരുമാനിച്ചതെങ്കിലും 18 ലക്ഷം ഗോളാണ് പിറന്നത്. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് ലഭിച്ചു. ഇതുസംബന്ധിച്ച രേഖ ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധി ടോണി ചിറ്റേട്ടുകുളം മന്ത്രി എ സി മൊയ്തീനു കൈമാറി. മന്ത്രി ഈ രേഖ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനു നല്‍കി. ഏറ്റവും കൂടുതല്‍ ഗോളടിച്ച ജില്ലയായ കോഴിക്കോടിനുള്ള സമ്മാനം മന്ത്രി കൈമാറി. 3,36,746 ഗോളുകളാണ് കോഴിക്കോട്ട് വണ്‍മില്യണ്‍ ഗോളിന്റെ ഭാഗമായി പിറന്നത്. കൂടുതല്‍ ഗോളടിച്ച കോഴിക്കോട് കോര്‍പറേഷനും മുനിസിപ്പാലിറ്റി ഫറൂഖും പഞ്ചായത്ത് കാസര്‍കോട് ജില്ലയിലെ ചെങ്ങലയും കോളേജ് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജുമാണ്. ഇവര്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി നല്‍കി.

അഭിമാനം തോന്നുന്നു: രാഹുല്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ അഭിമാനതാരകമായി ഇന്ത്യയുടെ ആദ്യ ലോകകപ്പ് ടീമില്‍ മലയാളി താരം കെപി രാഹുല്‍ മുഴുവന്‍സമയം പന്തുതട്ടി. വളരെ അപ്രതീക്ഷിതമായി വലതു വിങ്ബാക്കായാണ് പരിശീകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് രാഹുലിനെ പരിഗണിച്ചത്. അമേരിക്കയുടെ കരുത്തരായ മുന്നേറ്റക്കാരെ പിടിച്ചുനിര്‍ത്താന്‍ കരുത്തനായ ഒരു കളിക്കാരന്‍ വേണമെന്നതായിരുന്നു കാരണം. രാഹുല്‍ തന്റെ റോള്‍ ഏറെക്കുറെ ഭംഗിയായി നിര്‍വഹിച്ചു. മൂന്നു ഗോള്‍ തോല്‍വി നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളിയില്‍ ടീം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്ന് മത്സരശേഷം രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈ മത്സരം വലിയൊരു അനുഭവമാണെന്നും രാജ്യത്തിനായി കളിക്കുന്നതില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞു.

മധ്യനിരയിലും മുന്നേറ്റത്തിലും കളിച്ചിട്ടുള്ള രാഹുല്‍ കഠിനാദ്ധ്വാനിയാണ്. എതിരാളിയുടെ കാലില്‍നിന്ന് പന്തുതട്ടിയെടുക്കാന്‍ പ്രത്യേക മിടുക്കുണ്ട്. മാര്‍ക്കിങ്ങിലും അഗ്രഗണ്യന്‍. അതുകൊണ്ട് തന്നെയാണ് പ്രതിരോധത്തിലെ പതിവുകാരെ മാറ്റി രാഹുലിനെ പരിഗണിച്ചത്. അവസരം കിട്ടുമ്പോള്‍ കയറിക്കളക്കാനും സാധിക്കും. ലൈബീരിയന്‍ ഫുട്ബോള്‍ ഇതിഹാസം ജോര്‍ജ് വിയയുടെ മകന്‍ ടിം വിയയെയാണ് രാഹുലിന് നേരിടേണ്ടി വന്നത്. രാഹുലിന്റെ പുട്ടുപൊളിക്കാന്‍ പാടുപെട്ട വിയ വിങ്ങ് മാറിക്കളിക്കേണ്ടി വന്നു. അവസാന നിമിഷം വരെ ഊര്‍ജ്ജസ്വലതയോടെ കളിക്കാനും രാഹുലിനായി. പരിശീലകന്‍ മാറ്റോസിന്റെ ഗുഡ്ബുക്കില്‍ ഇടംനേടിക്കഴിഞ്ഞ രാഹുല്‍ അടുത്ത മത്സരങ്ങളിലും കളിത്തിലിറങ്ങുമെന്ന് ഉറപ്പായി.

ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സൌകര്യമൊരുക്കും: മന്ത്രി മൊയ്തീന്‍
കൊച്ചി > സംസ്ഥാനത്ത് ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ സൌകര്യം ഒരുക്കുമെന്ന് കായികമന്ത്രി എ സി  മൊയ്തീന്‍. കളിക്കാര്‍ക്കായി ഹോസ്റ്റല്‍സൌകര്യം, മികച്ച പരിശീലനം തുടങ്ങി ഫുട്ബോള്‍കളിയുടെ ശാസ്ത്രീയപരിശീലനത്തിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉറപ്പാക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സമീപം 50 ഏക്കര്‍ സ്ഥലത്ത് ഫുട്ബോള്‍ അക്കാദമി തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഫിഫഅണ്ടര്‍-17 ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ബോള്‍ റണ്‍, ദീപശിഖാ റാലി എന്നിവയുടെ സമാപനം എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ധാരാളം ഫുട്ബോള്‍താരങ്ങളെയും ഫുട്ബോള്‍ ആരാധകരെയും സംഭാവന നല്‍കിയതാണ് കേരളം. അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ ഫുട്ബോള്‍പ്രേമികള്‍. കായികപ്രേമികളുടെ ഈ ആവേശത്തിന് തുടര്‍ച്ചയുണ്ടാകണം. ഇതിനായി കാല്‍പ്പന്തുകളിയില്‍ ശാസ്ത്രീയപരിശീലനത്തിന് സര്‍ക്കാര്‍ സൌകര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷനായി.

പ്രധാന വാർത്തകൾ
Top