23 September Sunday

ഡിസിസി ഓഫീസിലെ തമ്മിലടി നേതാക്കൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

റിജിൽ മാക്കുറ്റി


കണ്ണൂർ
ഡിസിസി ഓഫീസിൽവച്ച്  കോൺഗ്രസ് നേതാവിനെ തല്ലിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്കനടപടി. യൂത്ത്് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാമ്പള്ളിയെ കോൺഗ്രസിൽനിന്ന് ഡിസിസി പ്രസിഡന്റ് സസ്പൻഡ് ചെയ്തു. മർദനത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം  പ്രസിഡന്റ് റിജിൽ മാക്കുറ്റി, തല്ലുകൊണ്ട കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡന്റ് സുധീഷ് മുണ്ടേരി,  സാമൂഹ്യമാധ്യമങ്ങളിലൂടെ പാർടിക്ക് അവമതിപ്പുണ്ടാക്കിയതിന് ഡിസിസി ജനറൽ സെക്രട്ടറി എം കെ മോഹനൻ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസുമാണ്  നൽകുന്നത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ നിയോഗിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജിൽ മാക്കുറ്റിയും ഷറഫുദ്ദീൻ കാട്ടാമ്പള്ളിയും ചേർന്ന് ഡിസിസി പ്രസിഡന്റിന്റെ ക്യാബിനിൽവച്ച്  സുധീഷ് മുണ്ടേരിയെ മർദിച്ചത്. തുടർന്ന്  റോഡിൽ പരസ്യമായി ഇവർ ഏറ്റുമുട്ടി. 

ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസ് സിഐ ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് വ്യാപകമായ അക്രമത്തിൽ കലാശിച്ചിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയ റിജിൽ മാക്കുറ്റിയടക്കമുള്ളവരെ ജയിലിലടക്കാൻ ചില കോൺഗ്രസ് നേതാക്കൾ പൊലീസുമായി ഒത്തുകളിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ജയിലിൽ കഴിയുന്നവരെ സന്ദർശിക്കാൻ പോയ എ വിഭാഗം നേതാവായ  ഒരു കെപിസിസി ജനറൽ സെക്രട്ടറിയെ ജയിലിൽവച്ച് യൂത്ത് നേതാക്കൾ തെറിയഭിഷേകം ചെയ്യുകയും ചെയ്തു. ഇതൊക്കെയാണ് വാക്ക് തർക്കത്തിലും തമ്മിലടിയിലും കലാശിച്ചത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും  ചേരിതിരിഞ്ഞു ഏറ്റുമുട്ടി.

കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ പാർടി പിരിച്ച ഫണ്ടിൽനിന്ന് വലിയ തുക യൂത്ത്നേതാക്കളുടെ ഒത്താശയോടെ തട്ടിയെടുത്തുവെന്ന ആരോപണം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. ഈ സംഭവത്തിൽ നവമാധ്യമങ്ങളിലുടെ പ്രതികരിച്ചതിനാണ് മോഹനന് കാരണം കാണിക്കൽ നോട്ടീസ് .

ഏതാനും മാസം മുമ്പ് പ്രതിഷേധസമരത്തിന്റെ പേരിൽ കന്നുകാലിയെ പരസ്യകശാപ്പ് നടത്തിയതിന് റിജിൽ മാക്കുറ്റി, ഷറഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവരെ പാർടിയിൽനിന്ന് പുറത്താക്കിയിരുന്നു. അടുത്ത ദിവസമാണ് ഇവരെ തിരിച്ചെടുത്തത‌്. 

പ്രധാന വാർത്തകൾ
Top