21 November Wednesday
മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ‌്തു

ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

‘ഋതുരാഗം’ ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീകമാരൻ തമ്പിക്കൊപ്പം



തിരുവനന്തപുരം
കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയെക്കുറിച്ച‌് ചലച്ചിത്ര അക്കാദമി തയ്യാറാക്കിയ ‘ഋതുരാഗം’ എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദർശനം നടന്നു. കൈരളി തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രദർശനം ഉദ‌്ഘാടനം ചെയ‌്തു.

ബഹുമുഖപ്രതിഭയായ ശ്രീകുമാരൻ തമ്പി ഗാനരചയിതാവ‌് എന്ന നിലയിലാണ‌് കേരളത്തിന്റെ സാംസ‌്കാരികജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. വയലാറും പി ഭാസ‌്കരനും ഒ എൻ വിയും സജീവമായിരുന്ന കാലത്താണ‌് തമ്പി ഗാനരചനാശാഖയിലേക്ക‌് കടന്നുവരുന്നത‌്. ആരെയും അനുകരിക്കാതെ സ്വന്തമായ  ശൈലിയിലൂടെ തന്റെ ശബ്ദം മലയാളിയെ അദ്ദേഹം കേൾപ്പിച്ചു. ഭൗതികമായ അനുഭവതലം ഗാനങ്ങളിലൂടെ പകർന്നുതന്ന കവിയാണ‌് തമ്പി. തത്വചിന്തയും ദാർശനികതയും ആ വരികളിൽ നിറഞ്ഞുനിന്നു. ചലച്ചിത്രസംവിധായകൻ എന്ന നിലയിലും അദ്ദേഹം വ്യത്യസ്തത പുലർത്തി. മനുഷ്യമനസ്സുകളോട‌് സംവദിക്കുന്നതും പ്രേക്ഷകർക്ക‌് ഇഷ്ടപ്പെടുന്നതുമായ സിനിമകളാണ‌് ശ്രീകുമാരൻ തമ്പിയുടേതെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

ജെ സി ഡാനിയൽ അവാർഡ‌് ജേതാക്കളെക്കുറിച്ച‌് ചലച്ചിത്ര അക്കാദമി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമാണ‌് ഋതുരാഗം. ചിറയിൻകീഴ‌് രാധാകൃഷ‌്ണൻ സംവിധാനം ചെയ‌്ത ഡോക്യുമെന്ററി ശ്രീകുമാരൻ തമ്പിയുടെ വ്യക്തി‐കലാജീവിതങ്ങളുടെ നേർക്കാഴ‌്ചയാണ‌്. യേശുദാസ‌്, വാണി ജയറാം, പി സുശീല, കെ എസ‌് ചിത്ര, സംഗീതസംവിധായകൻ എം കെ അർജുനൻ തുടങ്ങിയവരുടെ ഓർമയും ഡോക്യുമെന്ററിയിലുണ്ട‌്. സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി, മന്ത്രി എ കെ ബാലൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ തുടങ്ങിയവരും പ്രദർശനം കാണാനെത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top