19 September Wednesday

കോളേജ‌് ഗസ്റ്റ‌് അധ്യാപകരുടെ ദിവസവേതനം 1750 രൂപയാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018


സ്വന്തം ലേഖകൻ
സംസ്ഥാനത്തെ കോളേജുകളിലെ ഗസ്റ്റ‌് ലക‌്ചറർമാരുടെ വേതനം ദിവസം 1750 രൂപയായി വർധിപ്പിച്ച‌് ഉത്തരവിറക്കി. യുജിസി യോഗ്യത ഇല്ലാത്തവർക്ക‌് ദിവസം 1600 രൂപയായിരിക്കും വേതനം. നേരത്തെ യുജിസി യോഗ്യത ഉള്ളവർക്ക‌് മണിക്കൂറിന‌് 500 രൂപയും യുജിസി യോഗ്യത ഇല്ലാത്തവർക്ക‌് 300 രൂപയുമായിരുന്നു.

നേരത്തെ മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിച്ചിരുന്നതിനാൽ കോളേജുകളിലെ ഗസ്റ്റ‌് അധ്യാപകർക്ക‌് പലപ്പോഴും ഹൈസ‌്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ ഗസ്റ്റ‌് അധ്യാപകർക്ക‌് കിട്ടുന്നതിനേക്കാൾ കുറഞ്ഞ തുകയാണ‌് ലഭിച്ചിരുന്നത‌്. ഇതിനെതിരെ എകെപിസിടിഎ, എകെജിസിടി എന്നീ അധ്യാപക സംഘടനകൾ സർക്കാരിന‌് നിരന്തരം നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ‌് വിശദപരിശോധനയ‌്ക്ക‌് ശേഷം വേതനം പുതുക്കാൻ തീരുമാനിച്ചത‌്.
പുതുക്കിയ വേതന നിരക്ക‌് പ്രകാരം യുജിസി യോഗ്യതയുള്ളവർക്ക‌് മാസം പരമാവധി 43750 രൂപ ലഭിക്കും. യുജിസി യോഗ്യത ഇല്ലാത്തവർക്ക‌് 40000 രൂപയും ലഭിക്കും. നേരെത്തെ ഇത‌് യഥാക്രമം 25000, 20740 രൂപയുമായിരുന്നു. സർക്കാർ, എയ‌്ഡഡ‌്, സർവകലാശാല കോളേജുകളിലെ  ഗസ്റ്റ‌് അധ്യാപകർക്കും മ്യൂസിക‌്, ട്രെയിനിങ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുകൾക്കും ഉത്തരവ‌് ബാധകമാണ‌്. 

ഗസ്റ്റ‌് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ച സർക്കാരിനെ എകെപിസിടിഎ അഭിവാദ്യം ചെയ‌്തു. ഉത്തരവ‌് സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കുകൂടി ബാധകമാക്കണമെന്ന‌് എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. പി എൻ ഹരികുമാർ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top