18 July Wednesday

പുതിയ ജയിലുകള്‍ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017


തിരുവനന്തപുരം > പണി പൂര്‍ത്തിയായ അഞ്ചു ജയിലുകള്‍ അതിവേഗം തുറക്കാനുള്ള സര്‍ക്കാര്‍തീരുമാനം യാഥാര്‍ഥ്യമാകുന്നതോടെ തടവുകാരുടെ ബാഹുല്യത്തിന് പരിഹാരമാകും. തൃശൂര്‍ അതീവസുരക്ഷാ ജയില്‍, തൊടുപുഴ മുട്ടം ജില്ലാ ജയില്‍, മലപ്പുറം തവനൂര്‍ ജില്ലാ ജയില്‍, പാലക്കാട് മലമ്പുഴ ജില്ലാ ജയില്‍, ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയില്‍ എന്നിവ എത്രയുംവേഗംതുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍വകുപ്പിന് നിര്‍ദേശം നല്‍കി. പുതുതായി അനുവദിച്ച തളിപ്പറമ്പ്, കൂത്തുപറമ്പ് സ്പെഷ്യല്‍ ജയിലുകളും നിലവില്‍വരുന്നതോടെ വിചാരണത്തടവുകാരെ ഉള്‍പ്പെടെ മാറ്റിപ്പാര്‍പ്പിക്കാം.

ആകെ 54 ജയിലുകളിലായി 6190 പേരെ പാര്‍പ്പിക്കാനുള്ള സൌകര്യമാണുള്ളത്. എന്നാല്‍, 7395 പേരുണ്ട്. ഇതില്‍ 2772 ശിക്ഷാതടവുകാരും 4621 വിചാരണത്തടവുകാരുമുണ്ട്. 188 പേര്‍ സ്ത്രീകളാണ്. 727 പേരെമാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പൂജപ്പുരയില്‍ ചൊവ്വാഴ്ചയിലെ കണക്കുപ്രകാരം 1326 പേരുണ്ട്. വിയ്യൂരില്‍ 520 പേര്‍ക്കുപകരം 876ഉം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 840 പേര്‍ക്കുപകരം 1140 പേരുമുണ്ട്. ഇവിടെ പഴയ രണ്ട് ബ്ളോക്കുകള്‍ ഉപയോഗശൂന്യമാണ്.

തടവുകാരുടെ ബാഹുല്യം പരിഹരിക്കാനാണ് പുതിയ ജയിലുകള്‍ തുടങ്ങിയത്. ഏതാണ്ട് 1600 പേരെ ഈ ജയിലുകളില്‍ പാര്‍പ്പിക്കാനാകും. തൃശൂര്‍ അതീവസുരക്ഷാ ജയിലില്‍ 600 പേരെ താമസിപ്പിക്കാം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പേരിന് ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാനസൌകര്യം ഒരുക്കിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിര്‍മാണത്തിലെ ക്രമക്കേടും പാകപ്പിഴയും അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുട്ടം ജയിലിന്റെ ഉദ്ഘാടനവും യുഡിഎഫ് കാലത്ത് നടത്തിയെങ്കിലും വൈദ്യുതി ഉള്‍പ്പെടെ സൌകര്യം ഒരുക്കിയില്ല. തവനൂര്‍, മലമ്പുഴ ജയിലുകളുടെ പണി പൂര്‍ത്തിയായി. പുതുതായി അനുവദിച്ച കൂത്തുപറമ്പ് ജയിലിന് ഭൂമിയും കെട്ടിടവും തളിപ്പറമ്പ് ജയിലിന് 10.75 ഏക്കറും ഏറ്റെടുത്തു. തളിപ്പറമ്പ് ജയിലിന്റെ പ്ളാന്‍ ജയില്‍മേധാവി അംഗീകരിച്ചു. ഇവയ്ക്ക് ഉടന്‍ അനുമതിയാകും. ആലപ്പുഴ, പത്തനംതിട്ട ജയിലുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ ഫണ്ട് അനുവദിച്ചു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലിന്റെ കെട്ടിടനിര്‍മാണവും അന്തിമഘട്ടത്തിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top