Top
18
Monday, December 2017
About UsE-Paper

പ്രയാറിനും തറയിലിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം/ശബരിമല > തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കോടികളുടെ അഴിമതിയാരോപണത്തില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മുന്‍ അംഗം അജയ് തറയില്‍ എന്നിവര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. അന്വേഷണറിപ്പോര്‍ട്ട് 30 ദിവസത്തിനകം സമര്‍പ്പിക്കാനും തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ഡി അജിത്കുമാര്‍ നിര്‍ദേശിച്ചു. വിജിലന്‍സ് എസ്പിക്കാണ് അന്വേഷണച്ചുമതല. തിരുവിതാംകൂര്‍ ദേവസ്വം പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജി ജയകുമാര്‍, റിട്ട. ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍ സി ആര്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

വ്യാജരേഖ ചമച്ച് ലക്ഷങ്ങള്‍ യാത്രപ്പടിയായി കൈപ്പറ്റിയത്, അന്നദാനഫണ്ടിലെ തിരിമറി, മരാമത്ത് പ്രവൃത്തികള്‍ക്ക് ബജറ്റ് വിഹിതത്തേക്കാള്‍ തുക അനുവദിച്ചത്, പൊതുമരാമത്ത് മാന്വലിന് വിരുദ്ധമായി മരാമത്ത് പണികള്‍ക്ക് തുക ചെലവഴിച്ചത്, ജീവനക്കാരുടെ പുനര്‍വിന്യാസം, താല്‍ക്കാലിക ജീവനക്കാരുടെ നിയമനം, ടെന്‍ഡര്‍ നടപടികളിലെ അപാകം, സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന്‍ വഴിയുള്ള നഷ്ടം, വസ്തുക്കള്‍ തിരികെ പിടിക്കുന്നതിലെ വീഴ്ച, കൃത്യവിലോപം, ഫണ്ടുകളിലെ തിരിമറി എന്നിവയിലൂടെ ദേവസ്വംബോര്‍ഡിന് വന്‍ സാമ്പത്തികനഷ്ടം ഉണ്ടാക്കി. ഇത് ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിനെതന്നെ പ്രതികൂലമായി ബാധിച്ചതായും ഹര്‍ജിയില്‍ പറഞ്ഞു. ക്രമക്കേട് വഴി ഇരുവരും 100 കോടി രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അഴിമതി, ചതി, വഞ്ചന എന്നിവയിലൂടെ പണാപഹരണം നടത്തിയതിനും വ്യാജരേഖകള്‍ ഉണ്ടാക്കിയതിനുമെതിരെ അന്വേഷണം വേണമെന്നും അപഹരിച്ച കോടിക്കണക്കിന് രൂപ ഇവരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് 2018 ജനുവരി അഞ്ചിലേക്ക് മാറ്റി. ഹര്‍ജിക്കാര്‍ ദേവസ്വം ബോര്‍ഡിലെ കോണ്‍ഗ്രസ് യൂണിയന്‍ മുന്‍ നേതാക്കളായിരുന്നു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ സാമ്പത്തിക ക്രമക്കേടും വ്യാപക അഴിമതിയും നടന്നതായി ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തി. കോടികളുടെ അഴിമതിയായതിനാല്‍ അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറണമെന്നും ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തു. വിശദവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിജിലന്‍സ് കോടതി ഇരുവര്‍ക്കുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ശബരിമലയിലെ പാത്രം അഴിമതിയുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവത്തില്‍ പ്രയാറിനെയും മറ്റും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടും വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയുണ്ട്.

Related News

കൂടുതൽ വാർത്തകൾ »