19 September Wednesday

ആൾക്കൂട്ട മർദനത്തെ തുടർന്ന്‌ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

അറസ്റ്റിലായ അബ്ദുൾ നാസർ (32)

തിരൂർ > ആൾക്കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ക്ലാരി മൂച്ചിക്കൽ ചോലയിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ അബ്ദുൾ നാസർ(32)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പെരുമണ്ണ ക്ലാരി പണിക്കർ പടി സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകൻ സാജിദ്(24)  ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഒമ്പതാം പ്രതിയായ അബ്ദുൾ നാസർ അറസ്റ്റിലായത്.

ആഗസ്റ്റ് 27 ന് രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മൂച്ചിക്കലിന് സമീപത്തെ വീട്ടു പരിസരത്ത് വച്ച് പ്രദേശവാസികൾ സാജിദിനെ പിടികൂടി മർദ്ദിച്ച് അവശനാക്കുകയും തുടർന്ന് കയ്യും കാലും കെട്ടിയിട്ട് ദൃശ്യങ്ങൾ പകർത്തുകയും. ഇതിന്റെ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. മോഷ്ടാവായി ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതിൽ മനം നൊന്താണ് സാജിദ്  ആത്മഹത്യ ചെയ്തത്.

തുടർന്ന് കൽപകഞ്ചേരി പൊലീസ് കേസെടുക്കുകയും മരണത്തിന്‌ എട്ടുപേർ ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാട്ടിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് മലപ്പുറം എസ്‌പിയുടെ നിർദ്ദേശത്തിൽ തിരൂർ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ തിരൂർ സിഐ പി അബ്ദുൾ ബഷീർ തലവനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പൊലീസ് അന്വേഷണത്തിൽ സാജിദിന്റെ മരണമൊഴിയിൽ പേരുള്ള ഒന്നാം പ്രതി സഹീറാണ്‌ മർദ്ദന ദൃശ്യങ്ങൾ പകർത്തി സഹോദരനായ അബ്ദുൾ നാസർ അഡ്മിനായ നിലാപറമ്പ് സൗഹൃദ കൂട്ടായ്മ വാട്സ് ആപ്പ് ഗ്രൂപ്പ്‌ മുഖേന പ്രചരിപ്പിച്ചത്. തുടർന്ന് നിരവധി പേർ ഇവ ഷെയർ ചെയ്തു. ഇതു വഴി വീഡിയോ ദൃശ്യം സാജിദിന്റെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതു മൂലമുണ്ടായ കടുത്ത മാനഹാനിയാണ്‌ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സിഐ പി അബ്ദുൾ ബഷീർ പറഞ്ഞു.

കേസിലെ പ്രധാന പ്രതികളായ സഹീർ, മൊയ്തീൻ കുട്ടി, ഷഹീം എന്നിവർ മഞ്ചേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. പ്രതി അബ്ദുൾ നാസറിനെ വ്യാഴാഴ്ച പകൽ 2 മണിയോടെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം തിരൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റിന്റ മുമ്പാകെ ഹാജരാക്കുകയും പ്രതിയെ 15 ദിവസത്തേക്ക് റിമാൻറു ചെയ്തു. അറസ്റ്റിന് സി ഐക്കു പുറമേ കൽപകഞ്ചേരി എസ് ഐ ഷൺമുഖൻ നേതൃത്വം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top