19 September Wednesday

കോടതിവിധി എതിരായാൽ തത്സമയ കൗൺസലിങ് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


സ്വന്തം ലേഖകൻ
സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിൽ പ്രവേശനം  അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയാൽ സംസ്ഥാനത്ത‌് ബാക്കിയുള്ള ഒഴിവുകൾ നികത്താൻ മോപ‌് അപ‌് കൗൺസലിങ‌് വീണ്ടും നടത്തേണ്ടിവരും. അൽ അസ്ഹർ തൊടുപുഴ, വയനാട് ‍ഡിഎം, പി കെ ദാസ‌് പാലക്കാട‌്, വർക്കല എസ്ആർ കോളേജുകളിലേക്ക‌് പ്രവേശനം ഹൈക്കോടതി അനുവദിച്ചപ്പോൾ 550 എംബിബിഎസ‌് സീറ്റാണ‌് ലഭിച്ചത‌്. ഇതുൾപ്പെടെ 730 സീറ്റുകളിലേക്കാണ‌്  പ്രവേശന പരീക്ഷാ കമീഷണർ ഓപ‌്ഷൻ ക്ഷണിച്ചത‌്. അപ്പോഴത്തെ സീറ്റുകളുടെ എണ്ണംവച്ചാണ‌് വിദ്യാർഥികൾ താഴ‌്ന്ന കോഴ‌്സുകൾ ഉപേക്ഷിച്ച‌് ഏറ്റവും അടുത്ത മെഡിക്കൽ കോളേജുകൾ തെരഞ്ഞെടുത്ത‌് പ്രവേശനം സാധ്യമാക്കിയത‌്.

വ്യാഴാഴ‌്ച സുപ്രീംകോടതി നാല‌് കോളേജുകൾക്കും ഹൈക്കോടതി നൽകിയ പ്രവേശന അനുമതി റദ്ദാക്കിയാൽ ബാക്കിയുള്ള 165 ഏറിലേറെ സീറ്റുകളിലേക്ക‌് വീണ്ടും ഓപ‌്ഷൻ ക്ഷണിക്കാതെ മാർഗമില്ല. ഇപ്പോൾ സർക്കാർ ബിഡിഎസ‌് ഉപേക്ഷിച്ച‌് സ്വാശ്രയത്തിലെ എംബിബിഎസ‌് സീറ്റുകളിൽ പ്രവേശനം നേടിയവർക്ക‌് തിരികെ പോകണമെങ്കിൽ ബിഡിഎസ‌ിൽ പുതുതായി പ്രവേശനം നേടിയവരെക്കൂടി ഒഴിവാക്കണം. ഇതെല്ലാം സാധ്യമാകണമെങ്കിൽ തത്സമയ പ്രവേശന നടപടി റദ്ദാക്കി വീണ്ടും നടത്തണം. 8000 വിദ്യാർഥികൾ വീണ്ടും തൽസമയ പ്രവേശനത്തിനായി എത്തണം. സംസ്ഥാനത്ത‌് പ്രവേശന നടപടികൾ പൂർണമായ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ‌് പുനപരിശോധിക്കരുതെന്ന‌്  കേരളം സുപ്രീംകോടതിയിൽ അഭ്യർഥിക്കുമെന്ന‌് ആരോഗ്യ അഡീഷണൽ സെക്രട്ടറി രാജീവ‌് സദാനന്ദൻ പറഞ്ഞു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ‌് പ്രവേശന നടപടികൾ തുടർന്നതെന്നും സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ‌് വന്നശേഷമേ പ്രവേശന നടപടികൾ സംബന്ധിച്ച‌് പ്രതികരിക്കാനാകൂവെന്നും പ്രവേശന കമീഷണർ പി കെ സുധീർബാബു ദേശാഭിമാനിയോട‌് പറഞ്ഞു.

ബുധനാഴ‌്ച രാവിലെ തിരുവനന്തപുരത്ത‌് മോപ‌് അപ‌് കൗൺസലിങ്‌ പുനരാരംഭിച്ചിരുന്നു. ഒന്നര മണിക്കൂർ പിന്നിട്ടതോടെ ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും നടപടി  തടസ്സപ്പെടുത്തി. ചൊവ്വാഴ‌്ച ജനറൽ  നീറ്റ‌് റാങ്കിൽ 5800 റാങ്ക‌് വരെയായിരുന്നു പ്രവേശനം നടത്തിയത‌്. എന്നാൽ, 1900 റാങ്കുള്ള കുട്ടി ഗവ. മെഡിക്കൽ കോളേജിലെ ഡെന്റൽ സീറ്റിൽ ഓപ‌്ഷൻ നൽകിയതിനാൽ പ്രവേശിപ്പിക്കേണ്ടിയിരുന്നു. ഇൗ റാങ്ക‌് നമ്പർ അനൗൺസ‌് ചെയ‌്തതോടെയാണ‌് ഒരു വിഭാഗം ബഹളം വച്ചത‌്. കൗൺസലിങ് ഹാളിലേക്ക‌് ആരെയും കടത്തിവിടാതായതോടെ നടപടി തടസ്സപ്പെട്ടു.

പിന്നീട‌് എൻട്രൻസ‌് കമീഷണർ നിയമവശങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ‌് ബഹളക്കാർ പിൻവാങ്ങിയത‌്. ഉച്ചയ‌്ക്ക‌് ശേഷം കൗൺസലിങ്‌ നടപടികൾ പുനരാരംഭിച്ചെങ്കിലും അൽപ്പസമയത്തിനകം സുപ്രീംകോടതിയുടെ സ‌്റ്റേ ഉത്തരവ‌് വിവരം എത്തി. ഇതോടെ കൗൺസലിങ്‌ പൂർണമായി നിർത്തി.


പ്രധാന വാർത്തകൾ
Top