20 November Tuesday

ബിഷപ്പിനെതിരായ ആരോപണം :മജിസ്ട്രേറ്റിന് കന്യാസ്ത്രീ രഹസ്യമൊഴി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


ജലന്ധർ രൂപതാ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. 164ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി ചങ്ങനാശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലൈജുമോൾ ഷെരീഫാണ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്പിയുടെ അപേക്ഷപ്രകാരമാണ് കോടതിയിൽ രഹസ്യമൊഴി എടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് കന്യാസ്ത്രീ നൽകിയ പരാതിയിൽ ജൂൺ 28 നാണ് കുറവിലങ്ങാട് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. ബിഷപ്പിനെ വധിക്കാൻ ശ്രമിക്കുന്നുവെന്ന ജലന്ധർ രൂപതാ പിആർഒയുടെ പരാതിയിൽ കന്യാസ്ത്രീയുടെ സഹോദരനെതിരെയും കേസുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ നാടുകുന്നിലുള്ള സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തി പരാതിക്കാരിയായ കന്യാസ്തീയുടെയും അന്തേവാസികളുടെയും മൊഴിയും കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം നടന്നുവെന്ന് പറഞ്ഞ കോൺവെന്റിലെ 20ാം നമ്പർ അതിഥിമുറിയിൽ ഫോറൻസിക് സയന്റിഫിക് സംഘം പരിശോധിച്ചു. ബിഷപ‌് കോൺവെന്റിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.  2014 മുതൽ 2016 വരെ നിരവധിതവണ ബിഷപ‌് ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി. കുറവിലങ്ങാട് പള്ളിവികാരി മുഖേന പാലാബിഷപ്പിനും കർദ്ദിനാളിനും കന്യാസ്ത്രീ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പിനെത്തിയ ബിഷപ്പിന്റെ പ്രതിനിധികളും കന്യാസ്ത്രീകളുടെ ബന്ധുക്കളുമായി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ബിഷപ്പ് വധശ്രമത്തിന് പരാതി നൽകിയത്.

പ്രധാന വാർത്തകൾ
Top