16 November Friday
എംഎൽഎ ബില്ലടച്ചു

ഡയറ്റ‌് ഹോസ്റ്റലിൽ വീണ്ടും വെളിച്ചമെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


ചെങ്ങന്നൂർ
ചെങ്ങന്നൂർ ഡയറ്റ് ഹോസ്റ്റലിൽ ബിൽ കുടിശ്ശികയെ തുടർന്ന‌്   വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ സജി ചെറിയാൻ എംഎൽഎ പണമടച്ച് പുനഃസ്ഥാപിച്ചു. തിങ്കളാഴ‌്ച മുതൽ വൈദ്യുതി ബന്ധമില്ലാതിരുന്ന ഹോസ്റ്റലിലെ പെൺകുട്ടികളടമുള്ള വിദ്യാർഥികൾ സജി ചെറിയാനെ കണ്ട് ദുരിതം അറിയിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി.
ഒന്നരവർഷമായി എഇഒ ഓഫീസ് ഡയറ്റ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ വൈദ്യുതി, കുടിവെള്ള ചാർജുകളെ സംബന്ധിച്ച് ഡയറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മേധാവികൾ തമ്മിൽ ആദ്യം മുതലേ തർക്കമുണ്ടായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഡിഡി ഓഫീസിന്റെ പരിധിയിലും ഡയറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും പ്രവർത്തിക്കുന്നതാണ് ഇതിനു കാരണം.

എഇഒ ഓഫീസു കൂടി വന്നതിനാൽ വൈദ്യുതി ചാർജ് അവർ അടക്കണമെന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിൻസിപ്പാൾ. ഇതിന്റെ ഭാഗമായാണ് ചെങ്ങന്നൂർ കെഎസ്ഇബി ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസം ഡയറ്റ് പ്രിൻസിപ്പൽ ഏഞ്ചലിൻ മേബലിനു ലഭിച്ച 7849 രൂപയുടെ ബിൽ അടക്കാതിരുന്നത്. ഈ തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും ചെങ്ങന്നൂർ എഇഒയുടെ പേരിൽ അനുവദിച്ചിട്ടുള്ളതിനാൽ തങ്ങൾ അടക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഡയറ്റ് പ്രിൻസിപ്പൽ. എന്നാൽ വകുപ്പ് അനുവദിച്ച തുക ജൂലൈ 10ന് ശേഷമേ ലഭിക്കൂ എന്നതിനാൽ കിട്ടിയിട്ട‌് അടയ‌്ക്കാമെന്ന‌് എഇഒ  കെ ബിന്ദു അറിയിച്ചു. തർക്കത്തിനിടയിൽ തിങ്കളാഴ‌്ച ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ 13 പെൺകുട്ടികൾ അടക്കമുള്ള 22 വിദ്യാർഥികൾ ഇരുട്ടിലായി. കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ മൂന്നു രാത്രി കടുത്ത ബുദ്ധിമുട്ടാണ് ഇവരനുഭവിച്ചത‌്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചതിനാൽ പ്രാഥമിക ആവശ്യങ്ങൾ നടന്നു. രാത്രിയിൽ അധ്യാപികമാരാണ‌് പെൺകുട്ടികൾക്ക് കാവലിരുന്ന ത‌്. എന്നിട്ടും എഇഒയുടെയോ പ്രിൻസിപ്പലിന്റെയോ നിലപാടു മാറിയില്ല. തുടർന്നാണ‌് വിദ്യാർഥികൾ എംഎൽഎ യെ സമീപിച്ചത്. ചെങ്ങന്നൂർ വിദ്യാഭ്യാസ കെട്ടിട സമുച്ചയത്തിന്റെ നിർമാണ ശിലാസ്ഥാപനത്തിന്റെ സ്വാഗതസംഘ യോഗത്തിനായി വ്യാഴാഴ‌്ച ഉച്ചയ‌്ക്ക് ചെങ്ങന്നൂർ ഗവ. ബോയ്സ് ഹൈസ‌്കൂളിലെത്തിയ സജി ചെറിയാൻ എംഎൽഎയെ കണ്ട‌് വിദ്യാർഥികൾ ദുരവസ്ഥ വിവരിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ എംഎൽഎ തന്റെ കൈയിൽ നിന്നും തുക നൽകിയ ശേഷം അടിയന്തരമായി വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ നിർദേശം നൽകി.

തുടർന്ന് വൈകിട്ട് നാലോടെ ഹോസ്റ്റലിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. നഗര മധ്യത്തിൽ പെൺകുട്ടികളടക്കം താമസിക്കുന്ന സർക്കാർ ഹോസ്റ്റലിലുണ്ടായ വീഴ‌്ചയിൽ ഗൗരവമായ അന്വേഷണം ഉണ്ടാകുമെന്ന് എംഎൽഎ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top