17 November Saturday
ആഗസ്ത് 9

ദേശീയ പ്രക്ഷോഭം വിജയിപ്പിക്കും: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

കൊച്ചി
സിഐടിയു, ഓൾ ഇന്ത്യ കിസാൻസഭ, കെഎസ്കെടിയു സംഘടനകൾ സംയുക്തമായി ആഹ്വാനംചെയ‌്ത ആഗസ്ത് ഒമ്പതിലെ ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. ആഗസ്ത് ഒമ്പതിന‌് രാവിലെ ഒമ്പതുമുതൽ ആലുവ പോസ്റ്റ്ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തും.

ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ ആഗസ്ത് 14ന് രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന തൊഴിലാളികൂട്ടായ്മ ഇടപ്പള്ളിയിൽ സംഘടിപ്പിക്കും. 14ന് വൈകിട്ട് ആറുമുതൽ രാത്രി ഒന്നുവരെയാണ് സമരം. സമരത്തിന്റെ വിജയത്തിനായി ജൂൺ 19ന് വൈകിട്ട് 5.30ന് ഇടപ്പള്ളിയിൽ സ്വാഗതസംഘം രൂപീകരിക്കും.

സിഐടിയു, ഓൾ ഇന്ത്യ കിസാൻസഭ, കെഎസ്കെടിയു സംഘടനകൾ സംയുക്തമായി ആഹ്വാനംചെയ‌്ത സെപ്തംബർ അഞ്ചിലെ ഡൽഹി ചലോ പ്രക്ഷോഭത്തിൽ ജില്ലയിൽനിന്ന‌് 1500 പേർ പങ്കെടുക്കും.
ജില്ലാ ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എൻ ഗോപിനാഥ് പതാക ഉയർത്തി.  പരിസ്ഥിതിദിനത്തിൽ ആനത്തലവട്ടം ആനന്ദൻ വൃക്ഷത്തൈ നട്ടശേഷമായിരുന്നു കൗൺസിൽ. കെ എൻ ഗോപിനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള, അഡ്വ. മുജീബ് റഹ‌്മാൻ എന്നിവർ സംസാരിച്ചു. എ ജി ഉദയകുമാർ രക്തസാക്ഷി പ്രമേയവും സി കെ പരീത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലയിലെ വ്യവസായപ്രശ്നങ്ങളെക്കുറിച്ചും വിവിധ തൊഴിൽമേഖലകളിലെ  തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും കൗൺസിൽ ചർച്ചചെയ്തു.  41 പേർ ചർച്ചയിൽ പങ്കെടുത്തു. സിഐടിയു ദേശീയ കൗൺസിൽ ആഹ്വാനംചെയ‌്ത പ്രക്ഷോഭങ്ങൾ വിജയിപ്പിക്കുന്നതിന‌് പ്രവർത്തനങ്ങൾ ആവിഷ‌്കരിച്ചു.

പ്രധാന വാർത്തകൾ
Top