Top
18
Monday, December 2017
About UsE-Paper

രാജ്യം ഉറ്റുനോക്കുന്നത് ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ രാഷ്ട്രീയധ്രുവീകരണം: കോടിയേരി

Tuesday Dec 5, 2017
വെബ് ഡെസ്‌ക്‌

കൊച്ചി/ആലുവ > ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ രാഷ്ട്രീയധ്രുവീകരണമാണ് അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ രണ്ടു പാര്‍ടികള്‍ക്കുമെതിരായ രാഷ്ട്രീയ നയസമീപനം സ്വീകരിക്കുന്ന രാഷ്ട്രീയപാര്‍ടികള്‍ തമ്മിലുള്ള യോജിച്ച കെട്ടുറപ്പാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം വൈറ്റില, ആലുവ ഏരിയ സമ്മേളനങ്ങളുടെ സമാപനറാലികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 

നയപരമായ ഉറപ്പില്ലാത്ത രാഷ്ട്രീയപാര്‍ടികളുമായുള്ള സഖ്യത്തിന് വര്‍ഗീയതയ്ക്കെതിരെ പ്രവര്‍ത്തിക്കാനാവില്ലെന്ന മുന്നനുഭവത്തോടെയായിരിക്കണം പുതിയ ബദല്‍സഖ്യത്തിന്റെ രൂപീകരണം. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ സമീപനങ്ങളുള്ള പാര്‍ടികള്‍ക്കാണ് രാജ്യത്തെ 50 ശതമാനം ജനങ്ങളുടെയും വോട്ട്. 31 ശതമാനം വോട്ട് മാത്രമാണ് കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു ലഭിച്ചത്. പുതിയ രാഷ്ട്രീയ ബദല്‍സഖ്യത്തിന് നേതൃത്വംനല്‍കാന്‍ കോണ്‍ഗ്രസിനാകില്ല. കാരണം ബിജെപിയുടെ വര്‍ഗീയനയങ്ങള്‍ക്കെതിരായ രാഷ്ട്രീയ ആശയാടിത്തറ കോണ്‍ഗ്രസിനില്ല.

വിലക്കയറ്റവും തൊഴിലില്ലായ്മയുമുള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനായി ബിജെപി വീണ്ടും രാമജന്മഭൂമിപ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ആര്‍എസ്എസ് നയിക്കുന്ന മോഡിസര്‍ക്കാരിന്റെ ശ്രമം വര്‍ഗീയധ്രുവീകരണമാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള മര്യാദപോലും മോഡിസര്‍ക്കാര്‍ കാണിച്ചില്ല. ഇന്ത്യയിലെ കത്തോലിക്കാസഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടും മോഡിസര്‍ക്കാര്‍ അതിനു തയ്യാറാകാത്തത് ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആയതുകൊണ്ടാണ്. അഭിപ്രായങ്ങളും ഇഷ്ടങ്ങളുമുള്ളവരെ കൊലപ്പെടുത്തി നിശ്ശബ്ദരാക്കുകയാണ്. ഗാന്ധിജിയെ കൊന്നവരുടെ തോക്ക് വിശ്രമിക്കുന്നില്ല. അത് നിരന്തരം വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ബഹുസ്വരതയും രാജ്യത്തിന്റെ പരാമാധികാരവും നിശ്ശബ്ദമാക്കി രാഷ്ട്രപതിഭരണം കൊണ്ടുവരാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്.

പതിനെട്ടു സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ജനവിരുദ്ധ നയങ്ങള്‍ക്കുമുന്നില്‍ ജനകീയവികസന ബദലുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെയും ത്രിപുരയിലെയും ഇടതുസര്‍ക്കാരുകളാണ്. പൊതുസമൂഹം അരികുകളിലേക്ക് തള്ളിമാറ്റുന്ന എല്ലാ ജനവിഭാഗങ്ങളെയും പൊതുധാരയിലേക്കെത്തിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിശന്റ ശ്രമം. ഈ ജനകീയ വികസനബദലിനും വര്‍ഗീയതയ്ക്കെതിരായ പോരാട്ടങ്ങള്‍ക്കും ശക്തിപകരുകയാണ്  വേണ്ടതെന്ന് കോടിയേരി പറഞ്ഞു.