Top
18
Sunday, February 2018
About UsE-Paper
അമിത്ഷായ്ക്ക് പിന്നാലെ ദോവലും കുരുക്കില്‍

സുരക്ഷാ ഉപദേഷ്ടാവിന്റെ മകന് വിദേശ ആയുധക്കമ്പനികളുടെ സഹായം

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ നടത്തുന്ന ഫൌണ്ടേഷന് വിദേശ ആയുധക്കമ്പനികളില്‍നിന്ന് അനധികൃത സാമ്പത്തികസഹായം. അജിത് ദോവലിന്റെ മകന്‍ ശൌര്യാദോവലും ബിജെപി ദേശീയ ജനറല്‍സെക്രട്ടറി റാംമാധവും മുഖ്യ നടത്തിപ്പുകാരായ ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സര്‍ക്കാരേതര സംഘടനയുടെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദി വയര്‍' ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, സുരേഷ്പ്രഭു,  ജയന്ത് സിന്‍ഹ, എം ജെ അക്ബര്‍ എന്നിവരാണ് ഇന്ത്യാഫൌണ്ടേഷന്റെ ഡയറക്ടര്‍മാര്‍.

എന്‍ഡിഎ ഭരണത്തിനു കീഴില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനികളുടെ ആസ്തി കുതിച്ചുയര്‍ന്നെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ദേശീയ സുരക്ഷാഉപദേഷ്ടാവിന്റെ മകന്റെയും കേന്ദ്രമന്ത്രിമാരുടെയും നേതൃത്വത്തിലുള്ള സംഘടനയുടെ അനധികൃത ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യാഫൌണ്ടേഷന്‍ സമീപകാലത്ത് സംഘടിപ്പിച്ച സമ്മേളനങ്ങളുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ അമേരിക്കന്‍ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയായ ബോയിങ്ങും ഇസ്രയേല്‍ സുരക്ഷാകമ്പനിയായ മാഗല്‍ സെക്യൂരിറ്റി സിസ്റ്റംസുമാണ്. ബോയിങ്ങില്‍നിന്ന് 111 വിമാനം വാങ്ങാനുള്ള 70,000 കോടിയുടെ പ്രതിരോധകരാര്‍ സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സുരക്ഷാഉപദേഷ്ടാവിന്റെ മകന്‍ നടത്തിപ്പുകാരനും പ്രതിരോധമന്ത്രി ഡയറക്ടറുമായ സംഘടന ആ കമ്പനിയുടെ സ്പോണ്‍സര്‍ഷിപ് സ്വീകരിച്ചത്.

സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ നടത്തിപ്പുകാരനും കേന്ദ്രമന്ത്രിമാര്‍ ഡയറക്ടര്‍മാരുമാകുന്നതില്‍ ഗുരുതര ചട്ടലംഘനവും 'താല്‍പ്പര്യ സംഘര്‍ഷവും' നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ 'ദി വയര്‍' പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപന്‍ദാസ് മിശ്രയോട് പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും മറുപടിയുണ്ടായില്ല.
പ്രതിരോധ, സാമ്പത്തിക മേഖലയിലെ പഠനഗവേഷണകേന്ദ്രമെന്ന പേരില്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യാഫൌണ്ടേഷന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ വരുമാനസ്രോതസ്സിനെക്കുറിച്ചോ വിശദീകരണം നല്‍കിയിട്ടില്ല. ഫൌണ്ടേഷന്‍ ഡയറക്ടര്‍മാരായ കേന്ദ്രമന്ത്രിമാര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ലെന്നും 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഫറന്‍സുകളും സംഘടന പുറത്തിറക്കുന്ന ജേര്‍ണലുകളും വഴിയാണ് വരുമാനം സമാഹരിക്കുന്നതെന്നാണ് ശൌര്യാ ദോവലിന്റെ വിശദീകരണം. എന്നാല്‍, ചുരുങ്ങിയ വായനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള ജേര്‍ണലില്‍ കാര്യമായ പരസ്യമില്ല.

വിദേശഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യാഫൌണ്ടേഷനെന്ന് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ വിദേശസംഭാവന നിയന്ത്രണ (എഫ്സിആര്‍എ) വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. എഫ്സിആര്‍എ ലൈസന്‍സ് ഉള്ള എല്ലാ എന്‍ജിഒകളും വര്‍ഷംതോറും കണക്ക് സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നാലുവര്‍ഷമായി റിട്ടേണ്‍ ഫയല്‍ ചെയ്ത എന്‍ജിഒകളുടെ കൂട്ടത്തില്‍ ഇന്ത്യാഫൌണ്ടേഷന്റെ പേരില്ല. ഫൌണ്ടേഷന്റെ എഫ്സിആര്‍എ സര്‍ട്ടിഫിക്കറ്റിന്റെ സീരിയല്‍ നമ്പര്‍ പ്രകാരം അടുത്തിടെയാണ് എഫ്സിആര്‍എ രജിസ്ട്രേഷന്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാണെന്ന് ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാര്‍ സ്ഥിരീകരിച്ചു. രജിസ്ട്രേഷന്‍ ലഭിക്കുന്നതിന് മുമ്പ് വിദേശഫണ്ട് സ്വീകരിക്കണമെങ്കില്‍ എഫ്സിആര്‍എയുടെ അനുമതി ആവശ്യമുണ്ട്. മുന്‍കൂര്‍ അനുമതി നേടിയിട്ടുള്ള എന്‍ജിഒകളുടെ പട്ടികയിലും ഇന്ത്യാഫൌണ്ടേഷന്റെ പേരില്ല. 2009ല്‍  രൂപീകൃതമായ സംഘടന മുന്‍കൂര്‍ അനുമതിയോ രജിസ്ട്രേഷനോ ഇല്ലാതെ ഇത്രകാലം വിദേശ പ്രതിരോധ കമ്പനികളില്‍നിന്ന് ഫണ്ട് വാങ്ങിയത് ഗുരുതര ക്രമക്കേടാണ്. 
 

Related News

കൂടുതൽ വാർത്തകൾ »