Top
25
Saturday, November 2017
About UsE-Paper
പദ്ധതിക്ക് എതിരല്ലെന്ന് സമരസമിതി

ജനങ്ങളുടെ പ്രശ്നം പരിഹരിക്കും-ഗെയില്‍

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > ഗെയില്‍ പദ്ധതിക്ക് എതിരല്ലെന്ന് സമരസമിതിയും ജനങ്ങളുടെ പ്രശ്നം പരമാവധി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി ഗെയില്‍ അധികൃതരും. ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കലിക്കറ്റ് പ്രസ്ക്ളബ് സംഘടിപ്പിച്ച സംവാദത്തിലാണ് ഇരുവിഭാഗവും അഭിപ്രായം പങ്കുവച്ചത്. ഗെയിലിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം വിജു, സമരസമിതിയുടെ ലീഗല്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി ടി പ്രദീപ്കുമാര്‍ എന്നിവരാണ് പങ്കെടുത്തത്.

ഗെയില്‍ പദ്ധതിക്ക് സമരസമിതി എതിരല്ലെന്നും ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സുതാര്യത വേണമെന്നതാണ് പ്രധാന ആവശ്യമെന്നും പ്രദീപ്കുമാര്‍ വാദിച്ചപ്പോള്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അവര്‍ക്കൊപ്പം ഗെയില്‍ ഉണ്ടാകുമെന്ന് വിജു ഉറപ്പു നല്‍കി.
ഗെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നില്ലെന്നും ഉടമയില്‍നിന്ന് ഉപയോഗാവകാശം മാത്രമേ  വാങ്ങുന്നുള്ളൂവെന്നും വിജു വ്യക്തമാക്കി. 20 മീറ്റര്‍ വീതിയിലാണ് പൈപ്പിടുക. ഹൈഡ്രോളിക് ടെസ്റ്റിനു ശേഷം, പൂര്‍ണമായും സുരക്ഷിതമെന്ന അധികൃതരുടെ സുരക്ഷാ സര്‍ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പൈപ്പിടുകയുള്ളൂ. വളരെ കുറഞ്ഞ ഭൂമിയുള്ളവരില്‍നിന്ന് 20 മീറ്റര്‍ എന്നത് ചുരുക്കി അവരെ സഹായിക്കും. എവിടെയെങ്കിലും ലീക്ക് ഉണ്ടായാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏതുഭാഗത്താണെന്ന് കണ്ടെത്താന്‍ കഴിയും. ഭൂമി ഏറ്റെടുക്കുന്നത് ക്ളാസ് 4 കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളിലാണെങ്കില്‍ വാള്‍വ് സ്റ്റേഷനുകളുടെ ദൂരപരിധി എട്ടു കിലോമീറ്റര്‍ ആക്കും.

ജനവാസ കേന്ദ്രത്തിലൂടെയുള്ള 79 കിലോമീറ്ററിലെ പൈപ്പിടല്‍ ഒഴിവാക്കണമെന്നാണ് ആവശ്യമെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.  1962ലെ നിയമത്തില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് പറയുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള ഉത്തരവ് ഭൂവുടമകള്‍ക്കും വില്ലേജ് ഓഫീസിലും ലഭിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ഇത്തരമൊരു നോട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍മാര്‍ പറഞ്ഞത്. ഹൈപ്രഷര്‍ പൈപ്പുകളാണ് കടന്നുപോകുന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ജനസാന്ദ്രത കൂടിയ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന് 1962ലെ നിയമത്തില്‍ പറയുന്നില്ലെന്ന് വിജു മറുപടി പറഞ്ഞു. കൂടാതെ കേരളത്തില്‍ റീ സര്‍വേ നടക്കാത്തതാണ് ഭൂമി നോട്ടിഫൈ ചെയ്തതിലെ അപാകത്തിനു കാരണം.  ഉത്തരേന്ത്യ ഉള്‍പ്പെടെ എല്ലായിടത്തും ഹൈപ്രഷര്‍ പൈപ്പാണ് സ്ഥാപിച്ചത്. എന്നാല്‍ വീടുകളിലേക്ക് ഇത് എത്തുന്നത് ലോ പ്രഷര്‍ പൈപ്പുകളിലൂടെയാണ്. ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള അറിയിപ്പ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയതിന്റെ രേഖ കൊച്ചിയിലെ ഗെയില്‍ ഓഫീസിലുണ്ടെന്നും വിജു പറഞ്ഞു. 

സംവാദത്തില്‍ പ്രസ്ക്ളബ് പ്രസിഡന്റ് കെ പ്രേമനാഥ് അധ്യക്ഷനായി. സെക്രട്ടറി പി വി വിപുല്‍നാഥ് സ്വാഗതവും ട്രഷറര്‍ കെ സി റിയാസ് നന്ദിയും പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »