25 September Tuesday

സർക്കാർ നടപടികളെ ഇകഴ‌്ത്താൻ പ്രതിപക്ഷ ഗൂഢാലോചന

എം രഘുനാഥ‌്Updated: Wednesday Sep 5, 2018


 
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തെ ജനകീയ കൂട്ടായ‌്മയോടെ സർക്കാർ ഫലപ്രദമായി പ്രതിരോധിച്ചതിനെ ഇകഴ‌്ത്തിക്കാട്ടാൻ പ്രതിപക്ഷ ഗൂഢാലോചന. ദുരിതാശ്വാസ പ്രവർത്തനവും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കുള്ള പദ്ധതികളും സംസ്ഥാന സർക്കാർ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നത‌് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്ന‌ു ഭയന്നാണ‌് ഒരുവശത്ത‌് യുഡിഎഫും മറുവശത്ത‌് ബിജെപിയും സംഘടിത നുണപ്രചാരണം കെട്ടഴിച്ചുവിടുന്നത‌്. ഓരോ നുണയ‌്ക്കും അൽപ്പായുസ്സാണെങ്കിലും വീണ്ടും പുതിയ കഥ സൃഷ്ടിച്ച‌് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ‌് ശ്രമം.

ഓഖി ദുരന്തകാലത്ത‌് കേന്ദ്ര കാലാവസ്ഥാവകുപ്പ‌് മുന്നറിയിപ്പ‌് നൽകിയിട്ടും സംസ്ഥാന സർക്കാർ മുൻകരുതൽ എടുത്തില്ലെന്നായിരുന്നു ആഴ‌്ചകളോളം തുടർന്ന നുണ. മുന്നറിയിപ്പ‌് നൽകിയില്ലെന്ന‌് കേന്ദ്ര കാലാവസ്ഥാവകുപ്പും കേന്ദ്രസർക്കാരും തുറന്നുപറഞ്ഞിട്ടും നുണക്കഥ തുടർന്നു. അന്നും രക്ഷാ‐പുനരവധിവാസ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന‌് മാതൃകയായി. അന്ന‌് യുഡിഎഫും ബിജെപിയും മാധ്യമങ്ങളും സൃഷ്ടിച്ച നുണക്കഥകളിൽ തെറ്റിദ്ധരിക്കപ്പെട്ട മത‐സാമുദായിക നേതാക്കൾപോലും പിന്നീട‌് സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ചു.

പ്രളയാനന്തരവും സമാന നുണകളാണ‌് തട്ടിവിടുന്നത‌്. അതിലൊന്ന‌് ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ടുള്ളതാണെന്നതും യുഡിഎഫിന്റെ കാപട്യം തുറന്നുകാട്ടുന്നു. ഓഖി ഫണ്ട‌് വകമാറ്റിയെന്നായിരുന്നു പ്രതിപക്ഷ നേതാവ‌് ആരോപിച്ചത‌്. കണക്കുകൾ സഹിതം മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ അത‌് ചീറ്റി.

ഡാം തുറന്നതല്ല പ്രളയത്തിന‌് കാരണമെന്ന‌് കേന്ദ്ര ജലകമീഷൻ വീണ്ടും വ്യക്തമാക്കി. നാസയും വ്യക്തമാക്കി മഴയാണ‌് പ്രളയകാരണമെന്ന‌്. ഡാം തുറന്നതാണ‌് പ്രളയത്തിന‌് കാരണമെന്ന നുണ എന്നിട്ടും ഇക്കൂട്ടർ ആവർത്തിക്കുകയാണ‌്. യുഡിഎഫുകാരായ മൂന്ന‌് മുൻ ജലവിഭവമന്ത്രിമാരെക്കൊണ്ട‌് വാർത്താസമ്മേളനം നടത്തിച്ചതും ഇതിനാണ‌്.

പ്രളയകാലത്ത‌് ജനങ്ങൾക്കിടയിൽ സ്വാഭാവിക ആശങ്കയുണ്ടായെങ്കിലും കൃത്യവും ആസൂത്രിതവുമായ രക്ഷാപ്രവർത്തനങ്ങളിലൂടെ അതിനെയെല്ലാം കേരളം മറികടന്നു. ഈ രക്ഷാപ്രവർത്തനത്തെ ലോകമെങ്ങും അത്ഭുതത്തോടെ നോക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ‌്തു. പുനരധിവാസ പ്രവർത്തനങ്ങളും പ്രളയാനന്തര പുനർനിർമാണവും ലോകശ്രദ്ധ ആകർഷിച്ചതോടെ നാനാകോണിൽനിന്നും കേരളത്തെ സഹായിക്കാൻ സന്നദ്ധരാകുന്നു.

ഇതിന‌് അനുസൃതമായ പദ്ധതികളാണ‌് സംസ്ഥാന സർക്കാർ ആവിഷ‌്കരിച്ചിരിക്കുന്നത‌്. അപ്പോഴാണ‌് പ്രതിപക്ഷം അടുത്ത നുണയുമായി എത്തുന്നത‌്. പുനരധിവാസത്തിനിടെ മന്ത്രിമാർ വിദേശത്തേക്ക‌് പോകുന്നുവെന്നാണ‌് പ്രചാരണം. ഒക്ടോബറിൽ മാത്രമേ മന്ത്രിമാർ വിദേശത്തേക്ക‌് പോകുന്നുള്ളൂ എന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഉടൻ പോകുന്നു എന്ന തരത്തിലാണ‌് കഥ സൃഷ്ടിക്കുന്നത‌്. കേരളത്തിന‌് ലഭിക്കാനിടയുള്ള സഹായം ഇല്ലാതാക്കുക എന്നത‌ുമാത്രമാണ‌് ഇതിലൂടെ ലക്ഷ്യമിടുന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top