25 September Tuesday

പ്രവാസി ചിട്ടി: താൽപ്പര്യവുമായി ഒന്നേകാൽ ലക്ഷം പേർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


തിരുവനന്തപുരം 
കെഎസ‌്എഫ‌്ഇയുടെ പ്രവാസി ചിട്ടിയിൽ ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ താൽപ്പര്യം രേഖപ്പെടുത്തിയതായി മന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഓൺലൈൻ രജിസ‌്ട്രേഷന‌് വലിയ പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ‌്ത‌് മൂന്നാംവാരം യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ‌്ഘാടനംചെയ്യും. കേരളത്തിലെ യുഎഇ കോൺസുലേറ്റ‌് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയോട‌് പ്രവാസി ചിട്ടി പദ്ധതിയെക്കുറിച്ച‌് വിശദീകരിച്ചശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്കുള്ള മികച്ച സമ്പാദ്യ ഉപകരണമായി പ്രവാസി ചിട്ടിയെ മാറ്റും. പലിശ സാധ്യത ഒഴിവാക്കിയുള്ള ചിട്ടികളും തുടങ്ങും. ഇതിലൂടെ എല്ലാ വിഭാഗങ്ങൾക്കും ചിട്ടിയിൽ ചേരാനാകും. ചിറ്റാളൻമാരുടെ ആവശ്യകത പരിശോധിച്ച‌് മുൻഗണന നിശ്ചയിക്കുന്നത‌ും പരിഗണനയിലുണ്ട‌്. ബംഗളൂരുവിൽ തുടങ്ങിയ സെയ‌്ദ‌് ചിട്ടി മാതൃകയിൽ ഹലാൽ ചിട്ടിയും പരിശോധനയിലാണ‌്. ലോകത്താകെയുള്ള പ്രവാസികൾക്കും ചിട്ടിയിൽ ചേരാനുള്ള അവസരം ഭാവിയിലുണ്ടാകും. മ്യൂച്വൽ ഫണ്ട‌് മാതൃകയിലുള്ള ഉൽപ്പന്നമായി പ്രവാസി ചിട്ടിയെ മാറ്റും. ബാങ്ക‌് അക്കൗണ്ട‌് ഉള്ളവർക്ക‌ും എക‌്സ‌്ചേഞ്ച‌് കമ്പനികളുടെ ക്ലിയറൻസ‌് ഉള്ളവർക്കും കെവൈസി പ്രശ‌്നമുണ്ടാകില്ല.

യുഎഇയിൽ അടക്കമുള്ള പ്രമുഖ കമ്പനികൾ ഇക്കാര്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട‌്. സ്ഥാപനങ്ങൾതന്നെ ശമ്പളത്തിൽനിന്ന‌് ചിട്ടിപ്പണം പിടിച്ച‌് കെഎസ‌്എഫ‌്ഇക്ക‌് കൈമാറും. 12 ശതമാനം വരുമാനം ചിറ്റാളൻമാർക്ക‌് ഉറപ്പാകും. ആദ്യത്തെ ചിട്ടികളിൽനിന്നുള്ള മിച്ചധനം 14
ജില്ലയിലും സാംസ‌്കാരിക സമുച്ചയം നിർമിക്കാൻ നീക്കിവയ‌്ക്കും.  വികസനപ്രവർത്തനങ്ങൾക്ക‌് ചിട്ടിയിൽനിന്നുള്ള മിച്ചധനം മാറ്റുന്നതിന‌് സർക്കാരിന്റെ ഉറപ്പ‌് നൽകുമെന്നും മന്ത്രി അറിയിച്ചു.

കിഫ‌്ബി ചീഫ‌് എക‌്സിക്യൂട്ടീവ‌് ഓഫീസർ കെ എം എബ്രഹാം, കെഎസ‌്എഫ‌്ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ‌് തോമസ‌്, മാനേജിങ‌് ഡയറക്ടർ എ പുരുഷോത്തമൻ എന്നിവരും സംസാരിച്ചു.

പ്രധാന വാർത്തകൾ
Top