17 July Tuesday

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം: വ്യാജ വാര്‍ത്തയുമായി മാധ്യമങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017


വിഴിഞ്ഞം > ഓഖി ചുഴലിക്കാറ്റിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയെ നാട്ടുകാര്‍ തടഞ്ഞുവെന്ന വ്യാജവാര്‍ത്തയുമായി ചാനലുകള്‍. തിരക്കിനിടയില്‍പ്പെട്ട  വാഹനം എടുക്കാനാകാതെ മുന്നിലുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ മുഖ്യമന്ത്രി കയറിയതിനെയാണ് ചാനലുകള്‍ വളച്ചൊടിച്ചത്. മുഖ്യമന്ത്രിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും മുന്നോട്ടുനീങ്ങാനാകാത്തവിധം തടസ്സം സൃഷ്ടിച്ചത് യഥാര്‍ഥത്തില്‍ ചാനലുകളായിരുന്നു. മുഖ്യമന്ത്രിക്കും നാട്ടുകാര്‍ക്കുമിടയില്‍ ക്യാമറകള്‍ നിറഞ്ഞതോടെ തങ്ങള്‍ക്ക് പറയാനുള്ളത് മത്സ്യത്തൊഴിലാളികള്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇതിനെ മുഖ്യമന്ത്രിക്കെതിരായ മുദ്രാവാക്യം വിളിയായും മറ്റുമാണ് ചാനലുകള്‍ ചിത്രീകരിച്ചത്.

വൈകിട്ട് 6.15നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ വിഴിഞ്ഞം പഴയപള്ളിയിലെത്തിയത്. വിഴിഞ്ഞത്തുനിന്ന് കടലില്‍ പോയ 33 പേരെയും കാത്ത് തീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിനാളുകള്‍ക്കിടയിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഈ തിരക്കിലൂടെ പൊലീസും നാട്ടുകാരും മുന്‍കൈയെടുത്ത് വഴിയൊരുക്കിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പള്ളിയിലെത്തിച്ചത്. മടങ്ങുമ്പോള്‍ ആംബുലന്‍സും മറ്റും കിടക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ കാറെടുക്കാന്‍ ബുദ്ധിമുട്ടായി. തുടര്‍ന്നാണ് കടകംപള്ളിക്കൊപ്പം മടങ്ങിയത്. ഉറ്റവര്‍ നഷ്ടമായവരുടെ വികാരത്തെ പ്രതിഷേധപ്രകടനമായി ചിത്രീകരിക്കുകയായിരുന്നു ചാനലുകള്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top