Top
21
Tuesday, November 2017
About UsE-Paper

നെല്ല്സംഭരണത്തിലെ അപാകം പരിഹരിക്കണം: കര്‍ഷകസംഘം

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്തെ നെല്ല് സംഭരണരംഗത്ത് ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട നെല്ല് സംഭരണ നടപടികള്‍  മില്ലുടമകളുടെ തെറ്റായ ഇടപെടല്‍മൂലം താറുമാറായിരിക്കുകയാണ്. 2005 മുതല്‍ നെല്ല് സംഭരണച്ചുമതല സിവില്‍ സപ്ളൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ മില്ലുടമകളെ ഉപയോഗിച്ചാണ് കോര്‍പറേഷന്‍ ഈ ചുമതല നിര്‍വഹിക്കുന്നത്. പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്നാണ് സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ശേഖരിക്കുന്നത്. മറ്റു ജില്ലകളിലും ഇത് ബാധകമാണ്.

മില്ലുടമകളുടെ അനാവശ്യമായ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നെല്ല് സംഭരണരംഗത്ത് പ്രശ്നങ്ങള്‍ ഉണ്ടായത്. മില്ലുടമകള്‍ നെല്ല് ഏറ്റെടുക്കാന്‍ സന്നദ്ധമല്ലെന്ന നിലപാട് സ്വീകരിക്കുമ്പോഴും അവരുടെ ഏജന്റുമാര്‍ ചുളുവിലയ്ക്ക് കൃഷിക്കാരില്‍നിന്ന് നെല്ല് സംഭരിക്കുന്ന സ്ഥിതിയാണുള്ളത്.

പലവിധ കാരണങ്ങള്‍ പറഞ്ഞ് വാങ്ങുന്ന നെല്ലിന്റെ അളവ് കുറയ്ക്കുന്ന നിലയും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതുപോലെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നേരിട്ട് പാടശേഖര സമിതികളില്‍നിന്നും കാര്‍ഷിക സഹകരണ സംഘങ്ങളില്‍നിന്നും കൃഷിക്കാരില്‍നിന്നും നെല്ല് സംഭരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, ട്രഷറര്‍  എം പ്രകാശന്‍, ജോയിന്റ് സെക്രട്ടറിമാരായ ഓമല്ലൂര്‍ ശങ്കരന്‍, ഗോപി കോട്ടമുറിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ്  നിവേദനം നല്‍കിയത്.