19 November Monday

സ്‌കൂൾ കലോത്സവം‐കായികമേള: അന്തിമ തീരുമാനം കൂടുതൽ ചർച്ചക്ക്‌ ശേഷം

സ്വന്തം ലേഖികUpdated: Tuesday Sep 4, 2018

തിരുവനന്തപുരം > ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തം നേരിട്ട സംസ്ഥാനത്ത‌്‌ ഒരു വർഷത്തേക്ക‌് ഔദ്യോഗിക ആഘോഷങ്ങൾ ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ ഫണ്ട‌് ഉപയോഗിച്ച‌് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള അടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക‌് നടത്തില്ല. ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, കലോത്സവം, വിനോദസഞ്ചാര വകുപ്പിന്റെ ഉൾപ്പടെ എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികൾ എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ‌് സിൻഹയുടെ ഉത്തരവിൽ നിർദ്ദേശിച്ചു. ഇതിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ  നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വകുപ്പ് അധ്യക്ഷൻമാർക്കും മേധാവികൾക്കും നിർദേശം നൽകി.

പ്രളയാനന്തര ജനജീവിതം സാധാരണ ഗതിയിലേക്ക‌് തിരികെ കൊണ്ടുവരാനായി നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ‌് ഈ തീരുമാനം.
എന്നാൽ, വിദ്യാർഥികളുടെ ഗ്രേസ‌് മാർക്ക‌്, ദേശീയതല മത്സരങ്ങളിലേക്കുള്ള സെലക്ഷൻ എന്നിവ കണക്കിലെടുത്ത‌് സ്കൂൾ കലോത്സവം, കായികമേള എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട‌് തീരുമാനിക്കും. അക്കാദമിക‌് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മേളകൾ ഏത‌് രൂപത്തിൽ നടത്തണമെന്നും പിന്നീട‌് ചർച്ച ചെയ‌്ത‌് തീരുമാനിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top