15 November Thursday

പ്രളയ ദുരിതാശ്വാസം: 1,56,712 കിറ്റുകൾ നൽകി; 42,160 പേർക്ക‌് ധനസഹായവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കൊച്ചി
പ്രളയ ദുരിത ബാധിതർക്കുള്ള കിറ്റുകളുടെ വിതരണം ചൊവ്വാഴ്ച പൂർത്തിയാകും. തിങ്കളാഴ്ചവരെ 1,56,712 കിറ്റുകളാണ് ദുരിത ബാധിത കുടുംബങ്ങളിലെത്തിച്ചതെന്ന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. 10,000 രൂപയുടെ അടിയന്തര ധനസഹായം 42,160  പേർക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു. കണയന്നൂരിൽ 3145, കൊച്ചി 1416, ആലുവ 12889, പറവൂർ 11152,  കുന്നത്തുനാട് 6533, മൂവാറ്റുപുഴ 4999, കോതമംഗലം 2026 വീതം കുടുംബങ്ങൾക്കാണ്  ധനസഹായം അനുവദിച്ചത്.

1,77,000 കുടുംബങ്ങളാണ് പ്രളയക്കെടുതിയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. അരി, വെളിച്ചെണ്ണ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കിറ്റിൽ നിർബന്ധമാക്കിയിട്ടുണ്ട്. അരി, പലവ്യഞ്ജനം എന്നിവയുടെ കിറ്റുകൾ  സപ്ലൈകോയും പച്ചക്കറികളും മറ്റ‌് ഉൽപ്പന്നങ്ങളും ഹോർടികോർപ്പുമാണ് തയ്യാറാക്കിയത്. ദിവസം 30,000 കിറ്റുകളാണ് ഒരുക്കിയത്. ഉൽപ്പന്നങ്ങളിൽ 95 ശതമാനവും പുറമെനിന്ന് ലഭിച്ചതാണെന്നും കലക്ടർ പറഞ്ഞു.

തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്. കിറ്റുകൾ ലഭിക്കാത്തയിടങ്ങളിൽ അതത് സ്ഥലത്തെ ജനപ്രതിനിധികളുടെ സഹായത്തോടെ ചൊവ്വാഴ്ച കിറ്റുകൾ കൈമാറും. ഓരോ വകുപ്പിന്റെയും നേതൃത്വത്തിൽ ഐടി കൺസട്ടന്റുമാരുടെ സഹായത്തോടെയാണ് കിറ്റ് വിതരണം. ആവശ്യമായ കിറ്റുകളുടെ എണ്ണം തഹസിൽദാർമാർ വിളിച്ചറിയിക്കുന്നതിനനുസരിച്ച് വിതരണ കേന്ദ്രങ്ങളിൽനിന്ന് വാഹനത്തിലെത്തിക്കും. ദിവസവും മൂവായിരത്തോളം സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, പൊലീസ് സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കുന്നത്. കലക്ടറേറ്റ്, കളമശേരി ടൗൺഹാൾ, കെബിപിഎസ്, കളമശേരിയിലെ ഗോഡൗൺ എന്നിവിടങ്ങളിലാണ് കിറ്റുകൾ ഒരുങ്ങുന്നത്.

രണ്ട് ദിവസമെങ്കിലും വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപയുടെ അടിയന്തര ധനസഹായം ലഭിക്കും. 2238 ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് വിവര ശേഖരണം നടക്കുന്നത്. വിവര ശേഖരണം 92 ശതമാനം പൂർത്തിയായി.  പ്രളയം നേരിട്ട് ബാധിച്ച 1,74,589 കുടുംബങ്ങളിൽ 1,61,181 കുടുംബങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ദുരിതമനുഭവിച്ച എല്ലാവർക്കും ഒരാഴ്ചയ്ക്കുള്ളിൽ ധനസഹായമെത്തിക്കും. 445 പേർ പുതിയ റേഷൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവ ഉടൻ കൈമാറും. പാചക വാതക സിലിൻഡറുകൾ നഷ്ടമായവർക്ക‌് അവ ലഭ്യമാക്കാൻ നടപടിയെടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top