17 November Saturday

ജലന്ധർ ബിഷപ്പിനെ കേരളത്തിലേക്ക് വിളിപ്പിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ഫ്രാങ്കോ മുളയ്‌ക്കൽ

കോട്ടയം
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതാ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്തിയേക്കും. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. കോട്ടയം ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷും കേസിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി കൊച്ചിയിലെത്തി ഐ ജി വിജയ് സാഖറയുമായി രാത്രിയിൽ കൂടിക്കാഴ്ച നടത്തി.

ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നൽകാൻ ഐജിയുടെ സാന്നിധ്യത്തിൽ തീരുമാനമായേക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ബിഷപ്പിൽനിന്നേൽക്കേണ്ടിവന്ന പീഡനങ്ങൾ സംബന്ധിച്ച് കന്യാസ്ത്രീ അന്വേഷണസംഘത്തിന് നൽകിയ മൊഴികൾ ബിഷപ‌് നിഷേധിച്ചിരുന്നു. അന്വേഷണസംഘം ജലന്ധറിലെത്തി ബിഷപിൽനിന്നും മൊഴി ശേഖരിച്ചിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് പലരിൽനിന്നും ശേഖരിച്ച മൊഴികളും സാഹചര്യ തെളിവുകളും ബിഷപ്പിനെതിരാണ്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങുന്നവിധത്തിലേയ്ക്ക് സാഹചര്യം എത്തിയത്. പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതായി കന്യാസ്ത്രീയുടെ സഹോദരി വാർത്താസമ്മേളനത്തിലും കുറ്റപ്പെടുത്തി. തീരുമാനം നീണ്ടാൽ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.തിങ്കളാഴ്ച രാത്രി വൈകി കൊച്ചിയിൽ നടന്ന യോഗത്തിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐജി വിജയ് സാഖറയെ അറിയിച്ചു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകളടക്കം അന്വേഷണസംഘം ഐജിയെ ധരിപ്പിച്ചു.


പ്രധാന വാർത്തകൾ
Top