20 September Thursday

പ്രളയം: പുറംലോകവുമായി ബന്ധമില്ലാതെ 1700പേർ ഗവിയിൽ

ടി കെ സജിUpdated: Tuesday Sep 4, 2018

മണ്ണിടിഞ്ഞു വീണ‌് കിടക്കുന്ന ആങ്ങമുഴി ഗവി വണ്ടിപ്പെരിയാർ റോഡ‌്

ചിറ്റാർ> കനത്ത മഴയിലും മണ്ണിടിച്ചിലിലും ഗവിയിൽ ആദിവാസികൾ ഉൾപ്പെടെ 1700 ഓളം ആളുകൾ മൂന്നാഴ്ചയായി പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. മഹാപ്രളയത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം ഗവിയിലേക്ക് കൊടുംവനത്തിലൂടെയുള്ള റോഡുകൾ തകർന്നതാണ് പ്രദേശം തീർത്തും ഒറ്റപ്പെടാൻ കാരണം. സീതത്തോട്ടിൽനിന്നും 78 കിലോമീറ്റർ താണ്ടിയാലെ ഗവിയിൽ എത്താൻ കഴിയു. ഈ പാതയിൽ 27 കിലോമീറ്റർ ദൂരമേ വാഹനങ്ങൾക്ക് പോകാനാകൂ. മലയിടിഞ്ഞ് റോഡ് പൂർണമായും തകർന്നു. ഗവിയിൽ നിന്നും പ്രദേശവാസികൾ പുറം ലോകത്തേക്ക് പോകാനുള്ള മറ്റൊരുമാർഗ്ഗം വണ്ടിപ്പെരിയാറാണ്. ഇവിടെയെത്താൻ 27 കിലോമീറ്റർ വനപാത താണ്ടണം. ഈ വഴിയിൽ 20 ഇടങ്ങളിൽ ഉരുൾപൊട്ടി മണ്ണും കല്ലും ചെളിയും റോഡിൽ കിടക്കുകയാണ്. ചെറിയ വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് പോകാം.

കിഴക്കൻ കാട്ടിനുള്ളിൽ കിലോമീറ്ററുകൾ ദൂരത്തിലാണ‌് റോഡ് കാണാൻ പറ്റാത്ത വിധം മലയിടിഞ്ഞത‌്.  പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങൾ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളിൽ കാണാനേയില്ല. കക്കി ഡാമിനും വാൽവ‌് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വൻമലകൾ  ഇടിഞ്ഞുവീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പുനർനിർമിക്കാൻ മാസങ്ങൾ എടുക്കും.


വണ്ടിപ്പെരിയാറ്റിൽനിന്നും ജീപ്പിന് 2000 രൂപയും ഓട്ടോയ്ക്ക് 1700 രൂപയും നൽകിയെങ്കിൽ മാത്രമേ ഗവിയിൽ എത്താനും തിരികെ പോകാനും കഴിയു. മൂന്നാഴ്ചയായി പ്രദേശത്ത‌് വൈദ്യുതി ബന്ധം നിലച്ചിട്ട്. മൊബൈൽ ഫോണിന‌് റേഞ്ചും ലഭ്യമല്ല. അസുഖം ബാധിച്ച ആളുകളെ പുറംലോകത്ത് എത്തിക്കാൻ വലിയ ബുദ്ധിമുട്ടാണ‌്. സീതത്തോട് പഞ്ചായത്ത് അധികൃതരാണ‌് ഇവർക്ക‌് ആവശ്യമായ സഹായം നൽകുന്നത‌്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇടപെട്ട് ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top