26 September Wednesday
നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കും

പമ്പയും ശബരിമലയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

പമ്പയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ

ശബരിമല
മഹാപ്രളയത്തിൽ നാമാവശേഷമായ പമ്പയിലെ ശുചീകരണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തീകരിച്ച് വരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. മണ്ണുമൂടി നശിച്ചെന്ന് കരുതിയ ത്രിവേണി പാലം മുന്നൂറോളം ജീവനക്കാരുടെ പരിശ്രമഫലമായാണ് കണ്ടെത്തി പൂർവസ്ഥിതിയിലാക്കാൻ സാധിച്ചത്. തിങ്കളാഴ്ചയോടെ പാലത്തിലൂടെയുള്ള സന്നിധാനത്തേയ്ക്കുള്ള സാധനങ്ങളുമായുള്ള ട്രാക്ടറുകളുടെ സഞ്ചാരം പൂർണതോതിൽ സാധിക്കും. പ്രളയത്തിൽ സന്നിധാനവും പമ്പയുമായുള്ള ബന്ധം അറ്റിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത തവണ മാസപൂജയ‌്ക്കായി നടതുറക്കുമ്പോൾ തീർഥാടകർക്ക് ആവശ്യമുള്ള സംവിധാനങ്ങൾ താൽക്കാലികമായി പമ്പയിൽ ഒരുക്കും.

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടുന്നതിന് താൽക്കാലികമായി ഒരുക്കുന്ന സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം പമ്പയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പമ്പ മണൽപ്പുറത്ത് ഇനി സ്ഥിരം നിർമാണ പ്രവർത്തനങ്ങൾ ഉണ്ടാകില്ല. പമ്പയിൽ താൽക്കാലിക സൗകര്യങ്ങൾ മാത്രമാകും ഒരുക്കുക. പമ്പയിലെ രണ്ട് പാലങ്ങളുടെ മുകളിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണുമാറ്റി പാലങ്ങൾ ഉപയോഗയോഗ്യമാക്കി. സന്നിധാനത്തേക്ക് കടന്നുപോകുന്നതിന് താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ദേവസ്വം ബോർഡും കാര്യക്ഷമമായ നടപടികളുമായി മുന്നോട്ടുപോവുകയാണ‌്. നിലയ്ക്കൽവരെ വാഹനങ്ങൾ കടത്തിവിട്ട് നിലയ്ക്കലിൽനിന്ന് പമ്പ വരെയുള്ള 23 കി.മീ യാത്ര കെഎസ്ആർടിസി ചെയിൻ സർവീസ് മുഖേനയോ മറ്റ് ഏജൻസികൾ വഴിയോ ക്രമീകരിക്കുന്നതിനായിരിക്കും മുൻഗണന നൽകുകയെന്നും പ്രസിഡന്റ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
Top