23 September Sunday

ടിക്കറ്റില്ലാതെ ബസോടി; കാരുണ്യവും വഹിച്ച‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കൊച്ചിയിൽ ബസ്‌ കാരുണ്യയാത്രയിൽ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക്‌ സംഭാവന നൽകുന്ന വിദ്യാർഥികൾ

കൊച്ചി > കലൂർ ബസ‌്സ‌്റ്റാൻഡിൽനിന്ന‌് കയറിയ യാത്രക്കാർക്കു മുന്നിലേക്ക‌് കണ്ടക്ടർ എത്തിയത‌് ടിക്കറ്റുമായല്ല, കാരുണ്യയാത്ര എന്ന‌് രേഖപ്പെടുത്തിയ ഒരു ബക്കറ്റുമായായിരുന്നു. ടിക്കറ്റ‌് ചാർജിനു പകരം ഇഷ്ടമുള്ള തുക ബക്കറ്റിൽ ഇട്ടാൽ മതിയെന്ന‌് നിർദേശം. ഇത‌് എന്തിനെന്ന‌് ചിലരൊക്കെ അന്വേഷിച്ചപ്പോൾ  പ്രളയബാധിതരെ സഹായിക്കാനാണെന്ന‌് ജീവനക്കാരുടെ വിശദീകരണം. പണം നിക്ഷേപിക്കുമ്പോൾ യാത്രക്കാർക്കും സന്തോഷം.

കേരള പ്രൈവറ്റ‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് ഫെഡറേഷന്റെ നേതൃത്വത്തിൽ പതിനായിരത്തേിലേറെ സ്വകാര്യ ബസുകളാണ‌് തിങ്കളാഴ‌്ച സംസ്ഥാനത്ത‌് പ്രളയബാധിതരെ സഹായിക്കാനുള്ള ദൗത്യവുമായി കാരുണ്യയാത്ര നടത്തിയത‌്.

ടിക്കറ്റിനു പകരം ഇഷ‌്ടമുള്ള തുക യാത്രക്കാരിൽനിന്ന‌് സംഭാവന സ്വീകരിച്ചായിരുന്നു യാത്ര. പ്രളയബാധിതരെ സഹായിക്കാനായി തിങ്കളാഴ‌്ച സ്വകാര്യബസുകളിൽ യാത്ര ചെയ്യാൻ ഫെഡറേഷൻ അഭ്യർഥന നടത്തിയിരുന്നു. ഇത‌് ജനങ്ങൾ ഹൃദയപൂർവം ഉൾക്കൊണ്ടു. മികച്ച പ്രതികരണമാണ‌് യാത്രക്കാരിൽനിന്ന‌് ലഭിച്ചതെന്ന‌് ബസ‌് ജീവനക്കാർ പറഞ്ഞു. സമാഹരിക്കുന്ന തുകയിൽനിന്ന‌് ഡീസൽ ചെലവ‌് ഒഴികെയുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകും. ഇടുക്കി ജില്ലയെ ഫണ്ട‌് ശേഖരണത്തിൽനിന്ന‌് ഒഴിവാക്കിയിരുന്നു. കണ്ണൂർ, കാസർകോട‌് ജില്ലകളിൽ 30ന‌് കാരുണ്യയാത്ര നടത്തിയിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസുകളും യജ്ഞത്തിൽ പങ്കാളികളായതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ‌് എം ബി സത്യനും ജനറൽ സെക്രട്ടറി ലോറൻസ‌് ബാബുവും പറഞ്ഞു.മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, പി തിലോത്തമൻ, കെ ടി ജലീൽ, എം പിമാരായ ഇന്നസെന്റ‌്, കെ വി തോമസ‌്, എം ബി രാജേഷ‌് എന്നിവരും എംഎൽഎമാരും  കാരുണ്യയാത്ര ഫ‌്ളാഗ‌്  ഓഫ‌് ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top