24 September Monday

പറവൂരിലെ ഭൂമിയിടപാട‌് അഴിമതി; മുൻ വൈസ‌് ചെയർമാനെതിരെയും അന്വേഷണാവശ്യം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

പറവൂർ > വിവാദമായ പട്ടികജാതിഭൂമി ഇടപാടിൽ  അക്കാലത്തെ നഗരസഭാ വൈസ് ചെയർമാനെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ധന സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ വൈസ‌് ചെയർമാൻ ഇക്കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളും പുതിയ ബിസിനസ്സ് സംരംഭങ്ങളുമാണ‌് അഴിമതിയിൽ അദ്ദേഹത്തിന‌് കാര്യമായ  പങ്കുണ്ടെന്ന സംശയം ശക്തമാക്കിയിട്ടുള്ളത‌്. 

കോൺഗ്രസ്സ് റിബലായി വിജയിച്ച ഇദ്ദേഹത്തിന്റെ പിന്തുണയോടെയാണ് നഗരസഭാ ഭരണം നിലനിർത്തിയിരുന്നത്.അതിനാൽ വഴിവിട്ട പല നീക്കങ്ങളും ഇദ്ദേഹം നടത്തി. യുഡിഎഫിലെ കൂടുതൽപ്പേർ അഴിമതി ഭൂമിയിടപാടിൽ പങ്കുപറ്റിയിട്ടുണ്ടെന്ന വിവരം പുറത്തുവരുമ്പോൾ വിഷയത്തിൽ എംഎൽഎയുടെ മൗനം തുടരുന്നതും ചർച്ചയായിട്ടുണ്ട‌്.  പൊലീസ് പ്രതി ചേർത്ത ചെയർമാൻ രമേഷ് ഡി കുറുപ്പ് ഉൾപ്പടെയുള്ള കൗൺസിലർമാർ രാജിവയ‌്ക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് നടത്തിവരുന്ന റിലേ സത്യഗ്രഹസമരം സിപിഐ നേതാവ് എസ് രണദിവേ ഉദ്ഘാടനം ചെയ്തു. സി എ രാജീവ് അധ്യക്ഷനായി. കൗൺസിലർമാരായ കെ ജെ ഷൈൻ, ലൈജോ ജോൺസൺ എന്നിവർ ശനിയാഴ‌്ച സമരത്തിന് നേതൃത്വം നൽകി.സി പി ജയൻ, എം പി ഏയ്ഞ്ചൽസ്, എസ് ശ്രീകുമാരി, കെ എസ് സുധി എന്നിവർ സംസാരിച്ചു.

തിങ്കളാഴ‌്ചത്തെ സമരത്തിന‌് കൗൺസിലർമാരായ കെ രാമചന്ദ്രനും നബീസ ബാവയും നേതൃത്വം നൽകും.

പ്രധാന വാർത്തകൾ
Top