20 September Thursday

ഓണം‐ബക്രീദ‌്: എല്ലാ വിഭാഗത്തിനും ആനുകൂല്യം

ജി രാജേഷ‌്കുമാർUpdated: Saturday Aug 4, 2018

തിരുവനന്തപുരം > ഓണം‐ബക്രീദ‌് ആഘോഷഭാഗമായി എല്ലാ വിഭാഗത്തിനും ബോണസും ഉത്സവബത്തയും ഉറപ്പാകും. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾക്ക‌് ഒരു കുറവുമുണ്ടാകില്ല. അടഞ്ഞുകിടക്കുന്ന തുറമുഖങ്ങളിലെയും ലോട്ടറി ക്ഷേമനിധി ബോർഡിലെയും തൊഴിലാളികൾക്ക‌് ഓണ ആനുകൂല്യം വർധിക്കും. സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം പത്തിന‌് തുടങ്ങും.

ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ‌് ലഭിക്കും. 24,000 രൂപവരെ ശമ്പളമുള്ളവർക്കെല്ലാം ബോണസുണ്ട‌്. ബോണസിന‌് അർഹതയില്ലാത്ത ജീവനക്കാർക്കും അധ്യാപകർക്കും 2750 രൂപ ഉത്സവബത്ത ലഭിക്കും. കുറഞ്ഞത‌് 1000 രൂപയാണ‌് ഉത്സവബത്ത. മറ്റുള്ളവർക്ക‌് കുറഞ്ഞത‌് 100 രൂപ വർധനയുണ്ടാകും. സ‌്കൂൾ കൗൺസിലേഴ‌്സ‌്, പാചകത്തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, പാലിയേറ്റീവ‌് നേഴ‌്സുമാർ, ബഡ‌്സ‌് സ‌്കൂൾ ജീവനക്കാർ, നേഴ‌്സറി സ‌്കൂൾ ജീവനക്കാർ തുടങ്ങി 42 വിഭാഗങ്ങൾക്ക‌് എല്ലാ സാമ്പത്തിക പരിമിതികളെയും മാറ്റിവച്ചുള്ള ആനുകൂല്യമാണ‌് ലഭ്യമാക്കുന്നത‌്. അന്തിമത‌ീരുമാനം അടുത്തദിവസമുണ്ടാകും.

അടഞ്ഞുകിടക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ആശ്വാസസഹായം ഉടൻ തീരുമാനിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെയും കശുവണ്ടി ഫാക്ടറികളിലെയും തൊഴിലാളികൾക്ക് മുൻവർഷം നൽകിയതുപോലെ ഓണക്കിറ്റും ധനസഹായവും ഇത്തവണയും ലഭിക്കും. 1000 രൂപയുടെ കിറ്റും 2000 രൂപയുമാണ് നൽകുക. കഴിഞ്ഞവർഷം ഇത് 500 രൂപയുടെ കിറ്റും 2000 രൂപയുമായിരുന്നു. കശുവണ്ടിത്തൊഴിലാളികൾക്ക് പത്തുകിലോ അരിയും 2000 രൂപ ധനസഹായവും ലഭിക്കും.

പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വരുമാനസഹായ പദ്ധതിയിൽ 42 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡുകൾക്ക് കൈമാറി. അടഞ്ഞുകിടക്കുന്ന തുറമുഖങ്ങളിലെ തൊഴിലാളികളുടെ സമാശ്വാസസഹായത്തിൽ 250 രൂപ വർധനയുണ്ടാകും. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക‌് ഉത്സവബത്ത 500 രൂപ വർധിപ്പിച്ച‌് 5500 രൂപ ലഭിക്കും. 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ ഗ്രാമീണ തൊഴിലുറപ്പ‌ുപദ്ധതി തൊഴിലാളികൾക്ക‌് 1000 രൂപ ഉത്സവബത്തയുണ്ടാകും.

കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഓണം ഗഡു പത്തിന് വിതരണം ആരംഭിക്കും.
വീട്ടിൽ പെൻഷൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ട 2,05,472 പേർക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം ലഭ്യമാകും. ബാങ്ക് അക്കൗണ്ടുകൾവഴി പെൻഷൻ വിതരണം 16ന‌് നടക്കും. വെൽഫെയർ ബോർഡുകൾവഴിയുള്ള പെൻഷൻ വിതരണത്തിനും നടപടിയായി. ബോർഡുകളുടെ അക്കൗണ്ടുകളിൽ ലഭ്യമായ പണത്തിനുപുറമെ ഓണത്തിന് പെൻഷൻ നൽകുന്നതിനുവേണ്ട തുക സർക്കാർ ലഭ്യമാക്കും. 188 കോടി രൂപ ഇതിന‌് വേണ്ടിവരും.

 

പ്രധാന വാർത്തകൾ
Top