25 September Tuesday

ശുഹൈബ് ഫണ്ടിലെ വന്‍തുക യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിപരമായി ഉപയോഗിച്ചുവെന്ന്; കോണ്‍ഗ്രസില്‍ പോര് രൂക്ഷം

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

കണ്ണൂർ > എടയന്നൂരിലെ ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തുക മാറ്റി ചെലവഴിച്ചുവെന്ന് ആരോപണം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ക്യാബിനിൽ വ്യാഴാഴ്ച നടന്ന തമ്മിലടിയെ തുടർന്ന‌് കോൺഗ്രസിൽ പോര് രൂക്ഷമായി. ചേരിതിരിഞ്ഞ് നിരവധി നേതാക്കൾ രംഗത്തുവന്നു. കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽനിന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തിപരമായ കടം വീട്ടാൻ വൻ തുക ചെലവഴിച്ചുവെന്നാണ് പ്രധാന ആരോപണം. അതിനെ ചോദ്യം ചെയ്തതാണ് തമ്മിലടിയിൽ കലാശിച്ചത്. റിജിൽ മാക്കുറ്റിക്കും സുദീപ് ജയിംസിനുമെതിരെയാണ് മറുപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യം ഡിസിസി പ്രസിഡന്റുമായി സംസാരിക്കുമ്പോൾ എളയാവൂർ ബ്ലോക്ക്  പ്രസിഡന്റിനെ റിജിൽ മാക്കുറ്റിയും ഷർഫുദ്ദീനും ചേർന്ന്  മർദിച്ചതാണെന്നാണ് പറയുന്നു. 

ശുഹൈബിനെ വൻ കടത്തിലേക്ക് റിജിൽ മാക്കുറ്റി തള്ളിവിട്ടുവെന്നും അതിന്റെ ഫലമായി ആ കുടുംബത്തിന് വലിയ ബാധ്യത ഏറ്റെടുക്കേണ്ടിവന്നുവെന്നും കോൺഗ്രസുകാർ പറയുന്നു. പാർടിയിൽനിന്ന് പുറത്താക്കപ്പെട്ട റിജിൽ മാക്കുറ്റിയും ശുഹൈബും ചേർന്ന് കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയിൽനിന്ന് 25 പവൻ സ്വർണം കടമായി വാങ്ങുകയും അത് വിറ്റ‌് കാശാക്കുകയും ചെയ്തതായാണ് ഒരു ആരോപണം. ശുഹൈബിന്റ മരണശേഷം ജ്വല്ലറി ഉടമ പണം ആവശ്യപ്പെട്ടപ്പോൾ പിരിച്ച തുകയിൽനിന്ന് ആ പണം നൽകുകയായിരുന്നുവത്രെ.

ഇരുവരും ചേർന്ന് ഒരു ലോറി വാങ്ങി അതുപൊളിച്ചു വിറ്റവകയിൽ പത്ത് ലക്ഷം രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. വാടകക്ക് എടുത്ത കാർ മറിച്ചുവിറ്റ വകയിലും പണം നൽകേണ്ടിവന്നുവെന്നും പറയുന്നു. റിജിൽ മാക്കുറ്റി തടിച്ചുകൊഴുത്തത് ശുഹൈബിന്റെ  പണംകൊണ്ടോ, ആ പണം കൊടുത്തു തീർത്തത് പിരിച്ച തുകയിൽ നിന്നോ, വ്യക്തിപരമായ കടങ്ങൾ വീട്ടിയത് ചോദ്യം ചെയ്തവർക്ക് മറുപടി അടിയോ തുടങ്ങിയ ഒട്ടേറെ പോസ്റ്റുകൾ നവമാധ്യമങ്ങളിൽ  ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ വകയായി ഇറങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങൾ കണ്ടുംകേട്ടും മൗനിബാബയായി സതീശൻ പാച്ചേനി തുടരുകയാണെന്ന വിമർശവും നേതാക്കളിൽ ചിലർ ഉന്നയിക്കുന്നു.   

മട്ടന്നൂർ സിഐ ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് റിജിൽ മാക്കുറ്റി ജയിലിലായ ഘട്ടത്തിൽ സന്ദർശിച്ച കെ സി വേണുഗോപാൽ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറിയെ തെറിവിളിച്ചതായുള്ള ആരോപണവും ചർച്ചയാവുകയാണ്. ജില്ലയിൽനിന്നുള്ള കെപിസിസി സെക്രട്ടറി ഇക്കാര്യങ്ങളൊക്കെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും അറിയുന്നു.   

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top