14 November Wednesday

7.23 ലക്ഷം ടൺ ഭക്ഷ്യധാന്യം അനുവദിക്കണം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ന്യൂഡൽഹി
കേരളത്തിന് പ്രതിവർഷം 7.23 ലക്ഷം ടൺ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണമെന്ന് പി കരുണാകരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാനിയമം 2016ൽ നടപ്പാക്കുന്നതിനുമുമ്പ് കേരളത്തിന‌് വർഷം 16 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. നിയമം നടപ്പാക്കിയശേഷം വിഹിതം 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. അതിനാൽ എപിഎൽ വിഭാഗത്തിലുള്ളവർക്ക് മാസം അഞ്ചുകിലോവീതം ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ കഴിയുന്നില്ല.സംസ്ഥാനത്ത് നെല്ലുൽപ്പാദനം വർഷങ്ങളായി കുറഞ്ഞുവരികയാണ്. 1972‐73ൽ 13.76 ലക്ഷം ടൺ ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് 2016‐17ൽ 4.36 ലക്ഷം ടൺമാത്രമാണ് ഉൽപ്പാദിപ്പിച്ചത്. റേഷൻ ആവശ്യമുള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഓഖി ദുരന്തത്തെതുടർന്ന് ആയിരങ്ങൾക്ക് സൗജന്യറേഷൻ നൽകേണ്ടിവന്നു. ഇപ്പോൾ സംസ്ഥാനം പ്രളയക്കെടുതി നേരിടുകയാണ്. ദുരിതബാധിതർക്ക് സൗജന്യ റേഷൻ നൽകുന്നു.

വാണിജ്യവിളകളുടെയും മത്സ്യസമ്പത്തിന്റെയും മറ്റും കയറ്റുമതിവഴി രാജ്യത്തിന‌് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാനമാണ് കേരളം. ലക്ഷക്കണക്കിന‌് ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഇവരെയും റേഷൻവിതരണ സംവിധാനത്തിൽ കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ ആഗ്രഹിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പി കരുണാകരൻ ശൂന്യവേളയിൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top