15 November Thursday

ആക്രമണങ്ങളുടെ ലക്ഷ്യം മഹാരാജാസിനെ തകർക്കൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി>കേരളത്തിലെ ഏറ്റവും പ്രമുഖവും ഉന്നത അക്കാദമികനിലവാരം പുലർത്തുന്നതുമായ മഹാരാജാസ‌് കോളേജിനെ കളങ്കപ്പെടുത്തുക എന്ന ലക്ഷ്യവും ഞായറാഴ‌്ച അർധരാത്രി നടന്ന തീവ്രവാദ ആക്രമണത്തിനു പിന്നിലുണ്ടെന്നാണ‌് സൂചന. ഉന്നത ജനാധിപത്യനിലവാരം പുലർത്തുന്ന, സർഗാത്മകവും സ്വതന്ത്രവുമായ ക്യാമ്പസിനെ  തകർക്കുക എന്നത‌് ഏതൊരു വർഗീയ﹣തീവ്രവാദ പ്രസ്ഥാനത്തിന്റെയും മുഖ്യ അജൻഡയാകുക സ്വാഭാവികം. ആശയപരമായി എതിർക്കുന്നവരെ കായികമായി ഇല്ലാതാക്കുക എന്നതാണ‌് എൻഡിഎഫും പോപ്പുലർ ഫ്രണ്ടും അടക്കമുള്ള തീവ്രവാദ സംഘടനകൾ എന്നും ചെയ‌്തിട്ടുള്ളത്. അതുതന്നെയാണ‌് അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടതും.

മഹാരാജാസിൽ പ്രവേശനം നേടുക എന്നത‌് ഏതൊരു വിദ്യാർഥിയുടെയും സ്വപ‌്നമാണ‌്. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്നശേഷം കോളേജിന്റെ സമഗ്ര ഉന്നമനത്തിനായി നിരവധി പദ്ധതികളാണ‌് ആവിഷ‌്കരിച്ചത‌്. മുമ്പുണ്ടായിരുന്ന ചെറിയ സംഘർഷങ്ങൾ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും പൂർവവിദ്യാർഥികളും ഒത്തുചേർന്ന‌് പരിഹരിച്ചിരുന്നു. മുഖ്യമന്ത്രിതന്നെ നേരിട്ട‌് കലാലയത്തിൽ എത്തുകയും ചെയ‌്തു. ഇക്കഴിഞ്ഞ അധ്യയനവർഷം ശാന്തമായിരുന്നു ക്യാമ്പസ‌്. അക്കാദമികവും ഇതരവുമായ നിരവധി പരിപാടികൾ സംഘടിപ്പിച്ച‌്   പ്രശംസ പിടിച്ചുപറ്റി.

പുരോഗമന പ്രസ്ഥാനങ്ങൾക്ക‌് എന്നും വേരുറപ്പുള്ള മണ്ണാണ‌് മഹാരാജാസിലേത്‌. കഴിഞ്ഞവർഷം കോളേജ‌് യൂണിയൻ ചെയർമാനായി വനിതയെ തെരഞ്ഞെടുത്തതോടെ ഈ രാജകീയ കലാലയം ദേശീയ ശ്രദ്ധ ആകർഷിച്ചു.
ഈ വർഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്ട‌്മെന്റ‌്തന്നെ വാർത്തകളിൽ ഇടംപിടിച്ചു. ആദ്യ അലോട്ട‌്മെന്റിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ ഇത്തവണ റെക്കോഡായിരുന്നു. ആകെയുള്ള 694 സീറ്റിൽ 475ലും ആദ്യ അലോട്ട‌്മെന്റിൽ വിദ്യാർഥികൾ പ്രവേശനം നേടി. 68 ശതമാനം. കഴിഞ്ഞവർഷം ഇത‌് 40 ആയിരുന്നു. 25 സീറ്റുള്ള ബിഎ ഇംഗ്ലീഷിന‌് 4200 അപേക്ഷയാണ‌് എത്തിയത‌്. 24 സീറ്റുള്ള ബികോമിന‌് 3100 അപേക്ഷയും. മറ്റെല്ലാ വിഷയങ്ങൾക്കും രണ്ടായിരത്തിലധികം അപേക്ഷകളെത്തി.

ബികോമിന‌് ആദ്യ അലോട്ട‌്മെന്റിലെ കട്ട‌്ഓഫ‌് മാർക്ക‌് 96 ശതമാനവും ഇംഗ്ലീഷിന്റേത‌് 94 ശതമാനവുമായിരുന്നു. മറ്റ‌് വിഷയങ്ങൾക്ക‌് 92 ശതമാനത്തിലധികവും. സ്വയംഭരണ കോളേജിലെ ഉന്നത അക്കാദമിക നിലവാരത്തെയാണ‌് ഇൗ കണക്കുകൾ സൂചിപ്പിക്കുന്നത‌്.
എസ‌്എഫ‌്ഐ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ നിലപാടുകൾക്ക‌് ക്യാമ്പസ‌് നൽകുന്ന സ്വീകാര്യതതന്നെയാണ‌് വർഗീയ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക‌് കണ്ണിലെ കരടാകുന്നത‌്. സജീവപ്രവർത്തകനെതന്നെ തെരഞ്ഞുപിടിച്ച‌് കുത്തിക്കൊന്നതും അവരുടെ ഈ മനോനിലയുടെ പ്രതിഫലനമാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top