16 July Monday

വൈപ്പിന്‍-പള്ളിപ്പുറം തീരദേശപാതയുടെ സര്‍വേ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

വൈപ്പിന്‍ > വൈപ്പിന്‍-പള്ളിപ്പുറം തീരദേശപാതയുടെ സര്‍വെ ഒരുമാസത്തിനകം പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന് തീരുമാനമായി. എസ് ശര്‍മ എംഎല്‍എയുടെ ആവശ്യപ്രകാരം പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് നാളുകള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ വൈകിയതിനെത്തുടര്‍ന്നാണ് എംഎല്‍എ കത്തുനല്‍കിയത്. കിഫ്ബിയിലുള്‍പ്പെടുത്തി നിര്‍മാണം നടത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പ്രവൃത്തി വൈപ്പിന്‍ നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും പദ്ധതി നടത്തിപ്പില്‍ അനാവശ്യ കാലതാമസം നേരിടുന്നതായും എംഎല്‍എ യോഗത്തില്‍ വിശദീകരിച്ചു. 

പ്രവൃത്തി നടപ്പാക്കുന്നതിന് ഫണ്ട് പ്രശ്നമല്ലെന്നും ഔദ്യോഗികതലത്തില്‍ നടക്കേണ്ട സര്‍വെ അടക്കമുള്ള കാര്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചീഫ് എന്‍ജിനിയര്‍ക്ക് മന്ത്രി കര്‍ശനനിര്‍ദേശം നല്‍കി. തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ ചീഫ് എന്‍ജിനിയര്‍ എം എന്‍ ജീവരാജ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ടി കെ ബാല്‍ദേവ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top