21 July Saturday

കൊതുകുപടയില്‍ വലഞ്ഞ് ജനം; അനങ്ങാതെ മേയര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


കൊച്ചി > മെട്രോനഗരത്തില്‍ കൊതുകുപട ജനങ്ങള്‍ക്ക് ദുരിതമാകുമ്പോഴും മേയര്‍ക്കും കൂട്ടര്‍ക്കും ഗ്രൂപ്പുകളിതന്നെ പ്രധാനം. കൊതുക് പെറ്റുപെരുകുന്നതു തടയാന്‍ കാനശുചീകരണം നടത്തിയിട്ട് മാസങ്ങളായി. ഇവയെ തുരത്താനുള്ള സ്പ്രേ അടിക്കലോ ഫോഗിങ്ങോ നടക്കുന്നില്ല. കാനകളും കനാലുകളും ഒഴുക്ക് നിലച്ച് മാലിന്യക്കൂമ്പാരമായി. പല കാനകളും പൊട്ടിപ്പൊളിഞ്ഞു. കൊതുകിനെതിരെയുള്ള മരുന്നുവാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളും കുരുക്കിലായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങള്‍ പലതും 'മുകള്‍തട്ടില്‍' തട്ടിവീഴുകയാണ്. കമ്മിറ്റി ചെയര്‍പേഴ്സണും മേയറും തമ്മിലുള്ള ഗ്രൂപ്പുകളിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിലച്ചു.

കൊതുകുശല്യം രൂക്ഷമാകുമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍തന്നെ തുടങ്ങണമെന്ന പ്രതിപക്ഷത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകള്‍ കോര്‍പറേഷന്‍ മുഖവിലയ്ക്കെടുത്തില്ല. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനോ മേല്‍നോട്ടം വഹിക്കാനോ കോര്‍പറേഷനില്‍ ആളില്ലാത്ത സ്ഥിതിയാണ്. വേലിയേറ്റം കുറഞ്ഞതിനാല്‍ കാനകളില്‍ ഉപ്പുവെള്ളം തളിക്കണമെന്ന നിര്‍ദേശം നടപ്പായില്ല. മുന്‍ എല്‍ഡിഎഫ് ഭരണസമിതി ഇത് ഫലപ്രദമായി നടപ്പാക്കിയിരുന്നു. നേരത്തെ വേലിയേറ്റസമയത്ത് കടല്‍വെള്ളം കനാലുകളിലൂടെ കാനകളിലെത്തിയിരുന്നു. ഉപ്പുരസമുള്ള കടല്‍വെള്ളത്തില്‍ കൊതുകള്‍ നശിക്കും. വേലിയിറക്കസമയത്ത് മാലിന്യങ്ങളും മറ്റും ഒഴുകിപ്പോകുകയും ചെയ്തിരുന്നു. കനാലുകളില്‍ മാലിന്യം കുമിഞ്ഞുകൂടിയതും കാനകള്‍ ഇടിഞ്ഞുനശിച്ചതും കടല്‍വെള്ളം കയറാനുള്ള വഴിയടച്ചു.

ഓഡിറ്റ്വിഭാഗത്തിന്റെ എതിര്‍പ്പാണ് ഉപ്പുവെള്ളം തളിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയതെന്നാണ് ഭരണപക്ഷ വാദം. അതേസമയം, ഉപ്പുവെള്ളം തളിക്കുന്നതിലെ അഴിമതിയാണ് ഓഡിറ്റ്വിഭാഗം എതിര്‍ത്തത്. 5,000 ലിറ്റര്‍ വെള്ളത്തിനുപകരം 10,000 ലിറ്റര്‍ ഒഴിച്ചുവെന്ന രീതിയില്‍ കണക്കുകൊടുത്ത് പണം തട്ടിയെടുത്തതാണ് ഓഡിറ്റ്വിഭാഗത്തിന്റെ എതിര്‍പ്പിനിടയാക്കിയതെന്നാണ് ആരോപണം. ചിലയിടങ്ങളില്‍ ഉപ്പുവെള്ളത്തിന് പകരം സാധാരണവെള്ളം ഒഴിച്ചും വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി.
കൊതുകിനെതിരെയുള്ള മരുന്നു വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ തടസ്സപ്പെട്ടതും ഭരണസമിതിയുടെ പിടിപ്പുകേടിന്റെ തെളിവായി. പ്രത്യേക മരുന്നുകമ്പനിയെ സഹായിക്കാന്‍ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അതേ കമ്പനിയുടെ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തതാണ് തിരിച്ചടിയായത്. ടെന്‍ഡര്‍ വീണ്ടും വിളിച്ച് മരുന്ന് എത്തിക്കുമ്പോഴേക്കും മാസങ്ങള്‍ കഴിയും. അതുവരെ മെട്രോ നഗവാസികള്‍ക്ക് വൈദ്യുതിബാറ്റും കൊതുകുനശീകരണ ലേപനങ്ങളും തിരികളുമായി ഉറക്കമില്ലാത്ത രാവുകളാകും.

പ്രധാന വാർത്തകൾ
Top