Top
23
Tuesday, January 2018
About UsE-Paper

ഇതരസംസ്ഥാനക്കാരെ കബളിപ്പിച്ച് പണം കവര്‍ന്നു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

മുളന്തുരുത്തി > ബൈക്കിലെത്തിയ അപരിചിതന്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ കബളിപ്പിച്ച് 4000 രൂപ കവര്‍ന്നു. ബുധനാഴ്ച രാവിലെ 7.45ന് പുളിക്കമ്യാലിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ ഉത്തംദാസാണ് പണം നഷ്ടപ്പെട്ടതായി പരാതിനല്‍കിയത്. നിരവധിപേര്‍ താമസിക്കുന്ന സ്ഥലത്ത് ബൈക്കിലെത്തിയ ആള്‍ ഉത്തംദാസിനെയും സുഹൃത്തിനെയും തൊഴിലിനാണെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയി. മൂവരും ബൈക്കില്‍ കാഞ്ഞിരിക്കാപ്പിള്ളി ഭാഗത്ത് എത്തിയപ്പോള്‍ ഉത്തംദാസിനെ റോഡരികില്‍ ഇറക്കി. അവിടെ നില്‍ക്കാന്‍ നിര്‍ദേശിച്ചശേഷം രണ്ടാമനെയും കയറ്റി പോകുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ് ബൈക്കില്‍ തനിയെ തിരിച്ചെത്തിയ യുവാവ് റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്ന  ഉത്തംദാസിനോട് പേഴ്സ് എടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു  വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഉത്തംദാസിന്റെ പേഴ്സ് കൈവശപ്പെടുത്തി ബെക്കില്‍ രക്ഷപ്പെടുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാല്‍ മറ്റാരും സംഭവം അറിഞ്ഞില്ല.

  കുറച്ചുനേരത്തിനുശേഷം രണ്ടാമനായ തൊഴിലാളി ഉത്തംദാസിനെയും അന്വേഷിച്ച് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇരുവരുംകൂടി പുളിക്കമ്യാലി കവലയിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് പി കെ മനോജ് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. എസ്ഐ അരുണ്‍ദേവിന്റെ നേതൃത്വത്തില്‍ പൊലീസ്സംഘം സ്ഥലത്തെത്തി വ്യാപരസ്ഥാപനത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യം പരിശേധിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്ഐ  അറിയിച്ചു. പുളിക്കമ്യാലി മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ സമീപകാലത്ത് നടന്നിരുന്നു. എന്നാല്‍, പ്രതിയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.