20 November Tuesday

ജർമൻ സാങ്കേതികവിദ്യയിൽ റോഡ് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018


അടൂർ
കേരളത്തിലാദ്യമായി ജർമൻ സാങ്കേതികവിദ്യയിൽ റോഡ് നിർമാണം തുടങ്ങി. ആനയടി‐പഴകുളം‐കൂടൽ റോഡ് നിർമാണമാണ് ജർമൻ സാങ്കേതിക വിദ്യയിൽ നടത്തുന്നത്. 35 കി. മീറ്റർ ദൂരമുള്ള റോഡിൽ പളളിക്കൽ കോട്ടപ്പുറം ജങ്ഷൻ മുതൽ പളളിക്കൽ പഞ്ചായത്ത‌് ഓഫീസ‌് വരെയുള്ള അഞ്ച് കിലോമീറ്ററാണ് പരീക്ഷണാടിസ്ഥാനത്തിൽ ജർമൻ സാങ്കേതികവിദ്യയിൽ റോഡ് നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച സന്ദർശിക്കും. പത്ത് ദിവസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തികരിക്കും.

വിശ്വാസമുദ്രയെന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയാണ് റോഡ് നിർമിക്കുന്നത്. ബിഎം ആൻഡ‌്ന്റ് ബിസി നിർമാണ രീതിയിൽ റോഡ് നിർമിക്കാനാണ് നിശ്ചയിച്ചിരുന്നത്. പുതിയ കാലം, പുതിയ നിർമാണം എന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രഖ്യാപിത നയമാണ് റോഡ് നിർമാണം ജർമൻ സാങ്കേതിക വിദ്യയിൽ എത്തിച്ചത്. നിലവിലുള്ള  റോഡിന് മുകളിൽ പ്രത്യേക അനുപാതത്തിൽ സിമന്റ് നിരത്തി  പ്രതലം മില്ലിങ് മെഷിൻ ഉപയോഗിച്ച് ഇളക്കിമറിച്ച് അതിൽ പോളിമർ ചേർത്ത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കുഴയ‌്ക്കും. അതിന് ശേഷം മിശ്രിതം മിഷൻ ഉപയോഗിച്ച് റോഡിൽ നിരത്തും. ഒരു ചതുരശ്ര മീറ്ററിൽ 45 കിലോ സിമന്റാണ് ഉപയോഗിക്കുന്നത്‌. ഗ്രേഡർ ഉപയോഗിച്ച് റോഡിന്റെ ഉപരിതലം ഒരുക്കിയ ശേഷം വിവിധ തരത്തിലുള്ള റോളറുകൾ കൊണ്ട് റോഡ് ഉറപ്പിക്കുകയാണ് രീതി. മെറ്റലും മെക്കാഡവും തീർത്തും ഒഴിവാക്കിയാണ് റോഡ് നിർമാണം നടത്തുന്നത്.

ആനയടി‐കൂടൽ റോഡ് നിർമാണത്തിന്   119.5 കോടി രൂപ ധനമന്ത്രി ഡോ. തോമസ് ഐസക്ക്  2016 ൽ അവതരിപ്പിച്ച ബജറ്റിൽ നീക്കിവച്ചിരുന്നു.  ബജറ്റിൽ റോഡിന് തുക നീക്കിവച്ചത‌് എൽഡിഎഫ് സർക്കാരിന‌്  ഏറെ പ്രശംസക്കിടയാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി  കെ  പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, ചിറ്റയം ഗോപകുമാർ എംഎൽഎ എന്നിവർ സന്ദർശിച്ചു.
 


പ്രധാന വാർത്തകൾ
Top