24 September Monday

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനടുത്ത്‌ പ്രതിഷേധം: ജെഎൻയു വിദ്യാർഥി യൂണിയൻ നേതാക്കൾക്ക്‌ പിഴ

സ്വന്തം ലേഖകൻUpdated: Tuesday Jul 3, 2018

ന്യൂഡൽഹി > അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധം നടത്തരുതെന്ന കോടതി ഉത്തരവ് ലംഘിച്ചെന്ന പരാതിയിൽ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാക്കൾ പിഴ അടയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി. ജെഎൻയു അധികൃതർ നൽകിയ പരാതിയിലാണ് വിദ്യാർഥി നേതാക്കൾ 2000 രൂപ വീതം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടത്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് 100 മീറ്റർ പരിധിയിൽ പ്രതിഷേധം നടത്തരുതെന്ന 2017 ആഗസ്ത് ഒൻപതിലെ വിധി ലംഘിച്ചെന്നു കാട്ടിയാണ് സർവകലാശാലയുടെ ഹർജി. ഹർജിയിൽ തീർപ്പ് കൽപ്പിച്ച ജസ്റ്റിസ് വി കെ റാവു, രണ്ടാഴ്ചയ്ക്കുള്ളിൽ പിഴത്തുക ഹൈക്കോടതി രജിസ്ട്രാറിന്റെ പേരിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചു.

കേന്ദ്ര സർക്കാർ സ്റ്റാന്റിംഗ് കൗൺസൽ മോണിക്ക അറോറ വഴിയാണ് സർവകലാശാല ഹർജി നൽകിയത്. നിർബന്ധിത അറ്റന്റൻസിനെതിരെ 2018 ഫെബ്രുവരി 15ന് നടത്തിയ പ്രതിഷേധത്തിനിടെ കോടതി വിധി ലംഘിച്ചുവെന്നാണ് ഹർജി. വിദ്യാർഥികൾ ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും നിർബന്ധിത അറ്റന്റൻസിനെതിരെ ഒപ്പുശേഖരിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വിദ്യാർഥി നേതാക്കൾ പ്രതികരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top