20 October Saturday

വര്‍ഗീയതക്കെതിരെ ഐടി ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: വിഎസ്; ടെക്‌നോപാര്‍ക്കില്‍ 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌‌കോളര്‍ഷിപ്പ്' വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

തിരുവനന്തപുരം > ടെക്‌‌‌‌‌നോപാര്‍ക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യസാംസ്‌കാരികക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള  കുടുംബങ്ങളില്‍ നിന്നുള്ള  സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള  വിദ്യാഭ്യാസ  പദ്ധതിയായ 'പ്രതിധ്വനി വിദ്യാഭ്യാസസ്‌കോളര്‍ഷിപ്പ്'ന്റെ  വിതരണോത്ഘാടനം ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഭവാനി മന്ദിരത്തില്‍ നിര്‍വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടെക്നോപാര്‍ക് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ജൈനേന്ദ്ര കുമാര്‍, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്‌ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

ഐ ടി ജീവനക്കാര്‍ക്ക്‌ തങ്ങള്‍ക്കു ചുറ്റുമുള്ള ക്ലേശിക്കുന്ന സഹജീവികളുടെ ജീവിതത്തിലേക്ക് കണ്ണ് പായിക്കാന്‍ കഴിഞ്ഞത് അത്യന്തം അഭിനന്ദാര്‍ഹമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമൂഹിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരെ പ്രവര്‍ത്തിക്കാനും അദ്ദേഹം ടെക്കികളെ ആഹ്വാനം  ചെയ്‌തു.

മികച്ച വിദ്യാഭ്യാസം എന്നത് മികച്ച ജീവിതം തന്നെ കുട്ടികള്‍ക്ക് സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജീവിത പ്രതിസന്ധികള്‍ക്കിടയിലും കുട്ടികള്‍ക്ക് പതിച്ചു മുന്നേറാന്‍ കഴിയട്ടെ എന്നും പ്രതിധ്വനി പോലുള്ള സംഘടനകളുടെ ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍  സര്‍ക്കാര്‍ ലക്ഷ്യമിടുന്ന  വിദ്യാഭാസ പുരോഗതിക്കു അത്യാവശ്യമാണെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

2017  ഇല്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടി വിജയിച്ച തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള  ബിപില്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് 24000/ രൂപയാണ് നല്‍കുന്നത്. ഇത്തവണ 150 കുട്ടികളാണ് ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.

വിവിധ വര്‍ത്തമാന പത്രങ്ങളില്‍ നല്‍കിയ പരസ്യത്തെ തുടര്‍ന്ന് 315 പേരാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. അപേക്ഷിച്ചവരില്‍ 185 പേര്‍ അര്‍ഹരാണെന്നു വെരിഫിക്കേഷനിലൂടെ കണ്ടെത്തി. ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം പരിശോധിച്ച് , ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും , അതില്‍ നിന്നുമുള്ള ആദ്യ 150 പേര്‍ക്കാണ് ഇപ്പോള്‍ സ്‌കോളര്‍ഷിപ് നല്‍കിയത്.  ടെക്‌‌‌നോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ജോലി ചെയ്യുന്ന  ഐ ടി ജീവനക്കാരില്‍ നിന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പ്രതിധ്വനി സ്‌കോളര്‍ഷിപ്പിനുള്ള തുക കണ്ടെത്തിയത്.

ആദ്യ ഗഡു ആയ 9000 രൂപ വിതരണം ചെയ്‌തു, ഇനിമുതല്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും 3000/ രൂപവീതം അഞ്ചു തവണ ആയി കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഓരോ കുട്ടിയുടെയും പഠനത്തിന് ആവശ്യമായ സഹായവുംകുട്ടികളുടെ ഉപരി പഠനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ ക്ലാസുകള്‍ നല്‍കുന്നതിനും പ്രതിധ്വനി പദ്ധതിതയ്യാറാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് . 80 വിദ്യാര്‍ത്ഥികള്‍ക്കാണ്  കഴിഞ്ഞ വര്‍ഷം (2015 17) പ്രതിധ്വനി സ്‌കോളര്‍ഷിപ്പ്‌ നല്‍കിയത്.

പ്രതിധ്വനി പ്രസിഡണ്ട് വിനീത് ചന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍  പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് പരിപാടിയുടെ കണ്‍വീനര്‍ ആയ നിഷിന്‍ ടി എന്‍  വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിക്കുകയും ജോയിന്റ് കണ്‍വീനര്‍ സിനു ജമാല്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. വി എസ് അച്യുതാനന്ദനു പ്രതിധ്വനിയുടെ ഉപഹാരം പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം ജോണ്‍സന്‍ കെ ജോഷി നല്‍കി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top