19 October Friday

കേരളത്തിന്റേത് ബദല്‍നയം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കൊയിലാണ്ടി > ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ബദല്‍ നയങ്ങളാണ് കേരളം മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ഇ എം എസ് സ്മാരക ടൌണ്‍ഹാളിലെ പി ടി രാജന്‍ നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നാല് മിഷനുകള്‍ ഇതിനായി മുന്നോട്ടുവച്ചു. നാടിന്റെ വികസന കാര്യത്തില്‍ പ്രധാന ദൌര്‍ബല്യം കാര്‍ഷിക-വ്യവസായ മേഖല ശക്തിപ്പെടുന്നില്ല എന്നതാണ്. ഇവ ശക്തിപ്പെടുത്തല്‍ പ്രധാനമായി സര്‍ക്കാര്‍ കാണുന്നു. എല്ലാ മേഖലയിലും ഉല്‍പ്പാദന വര്‍ധനയാണ് ലക്ഷ്യം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരുന്നു. കാര്‍ഷിക മേഖല ശക്തമാക്കാനും നടപടിയെടുക്കുന്നു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താനാണ് ആര്‍ദ്രം മിഷന്‍ കൊണ്ടുവന്നത്. ആശുപത്രികള്‍ രോഗീസൌഹൃദമാക്കും. കുടുംബഡോക്ടര്‍ സംവിധാനമാണ് ലക്ഷ്യം.

പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കും. എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കും. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ മെച്ചപ്പെടുത്തും. വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാനാണ് ലൈഫ് മിഷന്‍. എല്ലാ മേഖലയിലും സ്ത്രീകളെ കൈപിടിച്ചുയര്‍ത്തും. ട്രാന്‍സ്ജെന്‍ഡേഴ്സിന്റെയും ഭിന്നശേഷിക്കാരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും.

സിവില്‍ സര്‍വീസ് ശക്തമാക്കും. അയ്യായിരത്തോളം പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. പിഎസ്സി മുഖേന 50,000 പേരെ നിയമിക്കാന്‍ നടപടിയെടുത്തു. പശ്ചാത്തല സൌകര്യ വികസനം നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. നാടിന്റെ വികസനത്തില്‍ പ്രവാസികള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരം നല്‍കുന്നതിനാണ് ലോക കേരള സഭ 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നത്.

ഓഖി ചുഴലിക്കാറ്റ് വന്‍ ദുരന്തമാണ് വിതച്ചത്. സര്‍ക്കാര്‍ ആകാവുന്ന സഹായങ്ങള്‍ നല്‍കുന്നു. കടലില്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ കൂടുതല്‍ ശക്തമാക്കും. അപകട മുന്നറിയിപ്പുണ്ടായാല്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സംവിധാനമൊരുക്കും. തീരദേശങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ സമഗ്ര പദ്ധതി നടപ്പാക്കും.

  കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ല. കേന്ദ്രത്തിന്റേത് ജനവിരുദ്ധമാകുമ്പോള്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top