21 May Monday

ശാന്തിഭവനിലെ കുട്ടികള്‍ക്കൊപ്പം പുതുവത്സരമാഘോഷിച്ച് ഇംഗ്ളീഷ്താരം വെസ് ബ്രൌണും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

കൊച്ചി > പുതുവര്‍ഷത്തില്‍ ശാന്തിഭവനിലെ കുട്ടികള്‍ക്കൊപ്പം പ്രതീക്ഷയുടെ മണ്‍ചെരാത് തെളിക്കാന്‍ എത്തിയത് കേരള ബ്ളാസ്റ്റേഴ്സ് ഇംഗ്ളീഷ്താരം വെസ് ബ്രൌണും കുടുംബവും. ബാല്യത്തില്‍ മനസ്സ് മരവിക്കുന്ന പ്രതിസന്ധികളിലൂടെ യാത്രചെയ്ത് ഒടുവില്‍ ശാന്തിഭവനിലെത്തി ജീവിതം തിരികെപ്പിടിച്ചവരാണ് വെസ് ബ്രൌണിനൊപ്പം പുതുവത്സരം ആഘോഷിച്ചത്.

  സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന  കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ സേവ് അവര്‍ ഗേള്‍ ചൈല്‍ഡ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് വെസ് ബ്രൌണ്‍, ഭാര്യ ലിയാന, മക്കളായ ലോല, ലിലിയ, ഹാലി എന്നിവര്‍ എറണാകുളം കമ്മട്ടിപ്പാടത്തുള്ള ശാന്തിഭവനിലെത്തിയത്്. അക്കാദമി ഡയറക്ടര്‍ ബീന സെബാസ്റ്റ്യന്റെയും ലിയാനയുടെയും ബ്രിട്ടനിലുള്ള പൊതുസുഹൃത്തിലൂടെ ശാന്തിഭവനെക്കുറിച്ചറിഞ്ഞ ലിയാന സന്ദര്‍ശനത്തിനു താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. കൊച്ചിയിലെത്തിയ ലിയാന, ക്രിസ്മസ്ദിനത്തില്‍ ശാന്തിഭവനിലെത്തി. ചൊവ്വാഴ്ച മക്കളെയുംകൂട്ടി വീണ്ടുമെത്തി. ജീവിതാനുഭവങ്ങള്‍ അന്തേവാസികള്‍ അതിഥികളുമായി പങ്കുവച്ചു.

കളിക്കൂട്ടുകാരനില്‍നിന്നു പീഡനമേറ്റുവാങ്ങി മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ശാന്തിഭവനിലെത്തി കൌണ്‍സലിങ്ങിലൂടെ ജീവിതം തിരിച്ചുപിടിച്ച് ഇപ്പോള്‍ ഫാഷന്‍ഡിസൈനറായി ജോലിചെയ്യുന്ന പെണ്‍കുട്ടി, താന്‍ ഡിസൈന്‍ചെയ്ത വസ്ത്രങ്ങള്‍ അതിഥികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. കുട്ടികള്‍ അവതരിപ്പിച്ച 'ജിമിക്കി കമ്മല്‍' എന്ന ഗാനത്തിനൊപ്പം ലിയാനയും ഹാലിയും നൃത്തംവച്ചു. ഇവരുടെ വിജയകഥകള്‍ നല്‍കുന്ന ഊര്‍ജം സമൂഹത്തിലേക്കും പകരണമെന്ന് വെസ് ബ്രൌണ്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top