Top
23
Tuesday, January 2018
About UsE-Paper

റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌


തലശേരി > തലശേരി- മൈസൂരു റെയില്‍പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരളം റെയില്‍വെ ബോര്‍ഡിന് സമര്‍പ്പിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയ്യാറാക്കിയ ഡിപിആര്‍ ചീഫ്സെക്രട്ടറി മുഖേന ഡിസംബര്‍ 30നാണ് റെയില്‍വേ ബോര്‍ഡിന് കൈമാറിയത്. കേന്ദ്രബജറ്റിന് മുമ്പ് പദ്ധതി ബോര്‍ഡിന്റെ വികസന മുന്‍ഗണനാപട്ടികയായ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തില്‍ പാതയുടെ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിച്ചത്.

നാഗര്‍ഹോള, വയനാട് വന്യജീവി സങ്കേതങ്ങള്‍ ഒഴിവാക്കി കേരളം സമര്‍പ്പിച്ച പ്രാഥമിക രൂപരേഖ കര്‍ണാടകവും അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് കൊങ്കണ്‍ റെയില്‍വേയെ പ്രായോഗികതാപഠനവും ഡിപിആറും തയ്യാറാക്കാന്‍ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസി) ചുമതലപ്പെടുത്തിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ഇപ്പോള്‍ തയ്യാറാക്കിയ അലൈന്‍മെന്റ്.

ഡിസംബറില്‍ ഡിപിആര്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചിരുന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയ്യാറാക്കിയ ഡിപിആര്‍ അംഗീകരിക്കുന്നതിനൊപ്പംകേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. കെആര്‍ഡിസിയും റെയില്‍വേയും ചേര്‍ന്നാണ് പാത നടപ്പാക്കുന്നത്. തലശേരിയില്‍നിന്നുള്ള പാത പെരിയപട്ടണയില്‍ നിര്‍ദിഷ്ട കുശാല്‍നഗര്‍- മൈസൂരുപാതയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ അലൈന്‍മെന്റ്.

പെരിയപട്ടണ, തിത്തിമത്തി, ബലാല്‍, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാല്‍, തൊണ്ടര്‍നാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂര്‍ വഴി തലശേരിയിലെത്തുന്ന നിര്‍ദിഷ്ട പാതക്ക് 206 കിലോമീറ്ററാണ് ദൈര്‍ഘ്യം. രാജ്യത്തെ റെയില്‍വേ ഭൂപടത്തില്‍ വയനാടും ഇടംനേടുകയാണെന്ന പ്രത്യേകതയുമുണ്ട്.

ബോര്‍ഡ് അംഗീകരിച്ചാല്‍ ബജറ്റില്‍ പാതസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യവും സര്‍ക്കാരിന്റെ ഇഛാശക്തിയോടെയുള്ള ഇടപെടലുമാണ് പതിറ്റാണ്ടുകളായി ചുവപ്പുനാടയിലും സര്‍വെയിലും കുരുങ്ങിക്കിടന്ന പദ്ധതിയെ വീണ്ടും ബോര്‍ഡിന്റെ മുന്നിലെത്തിച്ചത്.

Related News

കൂടുതൽ വാർത്തകൾ »