23 April Monday

ശബരിമല വീണ്ടും ധര്‍മശാസ്താ ക്ഷേത്രമാകും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


റാന്നി > ശബരിമല ധര്‍മശാസ്താ ക്ഷേത്രത്തിന്റെ പേര് അയ്യപ്പക്ഷേത്രം എന്നാക്കിയ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തീരുമാനം റദ്ദാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

അടുത്തദിവസം ചേരുന്ന ബോര്‍ഡ് യോഗം നിലവിലെ തീരുമാനം റദ്ദാക്കി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്യും. തിരുവാഭരണപാത ശുചീകരിക്കാനുള്ള ശ്രമപൂജ കീക്കൊഴൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന പേര് മാറ്റാന്‍ ആര്‍ക്കും അധികാരമില്ല. കേസില്‍ സഹായകമാകുമെന്ന്് കരുതി ആരെങ്കിലും സ്വന്തം പേരോ ഇനിഷ്യലോ മാറ്റാറുണ്ടോ. എന്ത് എതിര്‍പ്പുണ്ടായാലും ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം ബോര്‍ഡ് റദ്ദാക്കും.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടിന് സഹായകമാകുമെന്ന് കരുതിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് രഹസ്യമായി ക്ഷേത്രത്തിന്റെ പേരു മാറ്റിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പേര് മാറ്റം അംഗീകരിച്ചിരുന്നില്ല.

സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലിനപ്പുറത്തേക്ക് കടത്തിവിടുന്നത് നിരോധിക്കുന്നകാര്യം ബോര്‍ഡ് പരിഗണിക്കും. നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി, ദേവസ്വം ബോര്‍ഡ്് വാഹനങ്ങളില്‍ തീര്‍ഥാടകരെ പമ്പയിലെത്തിക്കും. ഇതിനായി നിലയ്ക്കല്‍ കേന്ദ്രമാക്കി ടൌണ്‍ഷിപ്പ്് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് വിനിയോഗിക്കും. തിരുവാഭരണപാതയില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് തീര്‍ഥാടകര്‍ക്കായി വിശ്രമകേന്ദ്രങ്ങളൊരുക്കും. ശബരിമല മാസ്റ്റര്‍പ്ളാനില്‍ ഇതുകൂടി ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top