Top
18
Monday, December 2017
About UsE-Paper

പ്രതികൂല കമാലാവസ്ഥയിലും സര്‍വസന്നാഹത്തോടെ

Saturday Dec 2, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കാന്‍  സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.  ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്ര കാലവാസ്ഥ വിഭാഗത്തില്‍ നിന്ന്  ലഭിക്കാന്‍ വൈകിയെങ്കിലും മുന്നറിയിപ്പ് ലഭിച്ചയുടന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത തലയോഗം വിളിച്ച് അടിയന്തര സാഹചര്യത്തെ നേരിടാനുള്ള നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്  നാവിക, വ്യോമ സേനകളുടേയും കോസ്റ്റ് ഗാര്‍ഡും രംഗത്തെത്തി. പൊലിസ്, ഫയര്‍, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളെല്ലാം സുസജ്ജരായി. മന്ത്രിമാരും ജനപ്രതിനിധികളും  നേതൃത്വം നല്‍കി. കാലാവസ്ഥ പ്രതികൂലമായിട്ടും സേനാവിഭാഗങ്ങളുടെ വിമാനങ്ങളും കപ്പലുകളും രാപ്പകല്‍ ഭേദമെന്യേ രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. കടലില്‍ ഒറ്റപ്പെട്ടുപോയ  ഇരുനൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഒറ്റ ദിവസത്തിനുള്ളില്‍ കരയില്‍ എത്തിത്.

ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂംമും തുറന്നു. രക്ഷാപ്രവര്‍ത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂം വഴി നടക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുറന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവര്‍ത്തനം തുടരും.  തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുത്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമായിടത്തെല്ലാം തുറക്കാനും ഭക്ഷണമടക്കമുള്ളവ ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.