15 November Thursday

കേരളത്തിന്റെ പുനഃസൃഷ‌്ടിക്ക‌് തൊഴിലാളികളും: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


കോഴിക്കോട‌്
കേരളത്തിന്റെ പുനഃസൃഷ‌്ടിയിൽ തൊഴിലാളികളും പങ്കുവഹിക്കുമെന്ന‌് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രളയബാധിതരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ഥിരം വരുമാനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്നതുപോലെ സ്ഥിര വരുമാനമില്ലാത്ത തൊഴിലാളികളുടെ സംഭാവന എതെങ്കിലും തരത്തിൽ നൽകാൻ കഴിയുമോയെന്ന‌് ആലോചിക്കും. രക്ഷാപ്രവർത്തനത്തിൽ എന്ന പോലെ കേരളത്തിന്റെ പുനർനിർമാണത്തിലും തൊഴിലാളി സമൂഹത്തിന്റെ ആകെ പിന്തുണയുണ്ടാകണം.

ലോകത്തിനു മുന്നിൽ ഉന്നതമായ മാതൃകയാണ‌് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കാണിച്ചത‌്.  കേരളത്തിന്റെ സൈന്യം എന്നാണ‌് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത‌്. അത‌് തന്നെയാണ‌് മത്സ്യത്തൊഴിലാളികൾക്ക‌് ലഭിക്കുന്ന എറ്റവും വലിയ അംഗീകാരവും. ലോകത്ത‌് എവിടെയും തൊഴിലാളികൾ ഇറങ്ങി ഇത്തരമൊരു രക്ഷാപ്രവർത്തനം നടത്തിയിട്ടില്ല. തൊഴിലാളിസമൂഹത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ മുഹൂർത്തമാണ‌ിത‌്.

മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പല ആളുകളും വിചാരിച്ചത‌് അത്ര വലിയ കുഴപ്പമുണ്ടാകില്ലെന്നാണ‌്. അങ്ങനെയാണ‌് ഏറെ പേർ വീടുകളിൽ കുടുങ്ങിയത‌്. പട്ടാളത്തിനുപോലും എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത‌് മത്സ്യത്തൊഴിലാളികളാണ‌്.
ശാസ‌്ത്രീയ പരിശീലനമില്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ സ്വാഭാവികമായ പരിശീലനം, കരളുറപ്പ‌്,  ആത്മധൈര്യം ഇവയെല്ലാം രക്ഷാപ്രവർത്തനത്തിന‌് ഗുണകരമായി. അഭിമാനകരമായ ദൗത്യമാണ‌് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നിർവഹിച്ചത‌്.

ഒരുമിച്ചുനിന്നതുകൊണ്ടാണ‌് ദുരന്തത്തിന്റെ അളവ‌് കുറക്കാൻ കഴിഞ്ഞത‌്. മത്സ്യത്തൊഴിലാളികൾ, മിലിട്ടറി, പൊലീസ‌്, അഗ്നിരക്ഷാസേന, കെഎസ‌്ഇബി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, സമൂഹിക സംഘടനകൾ എന്നിവയെല്ലാം ഒരുമിച്ചു പ്രവർത്തിച്ചു.  കേരളത്തിന്റെ പുനർനിർമാണത്തിന‌് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.


പ്രധാന വാർത്തകൾ
Top