17 November Saturday

അടിപതറാതെ ബ്രസീൽ; മെക്‌‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിന്‌ തകർത്ത്‌ കാനറികൾ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

സമാര > വൻവീഴ്‌‌ചകൾ കണ്ട ലോകകപ്പിൽ അടിപതറാതെ ബ്രസീൽ ക്വാർട്ടറിൽ. പ്രീക്വാർട്ടറിൽ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ്‌ ബ്രസീൽ അവസാന എട്ടിലേക്ക്‌ പ്രവേശിച്ചത്‌. നെയ്‌മറും ഫിർമിന്യോയുമാണ്‌ ബ്രസീലിനായി സ്കോർ ചെയ്‌തത്‌. മെക്‌സിക്കോ ആദ്യം മുതൽ ആക്രമിച്ചുകളിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ മൂലം ഗോൾ നേടാനായില്ല.

ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം സൂപ്പർതാരം നെയ്‌മറാണ്‌ 51ാം മിനിറ്റിൽ ബ്രസീലിനായി ആദ്യ ഗോൾ നേടിയത്‌. മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ വില്ല്യന്റെ പാസ്‌ ഗോളിയെയും മറികടന്നെത്തിയപ്പോൾ നെയ്‌മർ അനായാസം പന്തിനെ ഗോളിലേക്ക്‌ തിരിച്ചുവിട്ടു. സമാനമായ രീതിയിലായിരുന്നു 88ാം മിനിറ്റിൽ ഫിർമിന്യോയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളും. ഈ ഗോളിന്‌ വഴിയൊരുക്കിയതാകട്ടെ നെയ്‌മറും.

മെക്‌സിക്കൻ ഗോൾകീപ്പർ ഒച്ചോവയുടെ മിന്നും പ്രകടനമാണ് ബ്രസീലിന്റെ ഗോൾനേട്ടം രണ്ടിൽ ഒതുക്കിയത്. ഗോളെന്നുറച്ച പല ഷോ‌ട്ടുകളും ഒച്ചോവ തട്ടിയകറ്റി.

ഇന്ന്‌ രാത്രി നടക്കുന്ന ബൽജിയം–ജപ്പാൻ പ്രീക്വാർട്ടർ വിജയികളെയാണ്‌ ബ്രസീലിന്‌ ക്വാർട്ടറിൽ നേരിടേണ്ടി വരിക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top