21 September Friday

അറിയുംമുമ്പേ അകന്ന സ‌്നേഹച്ചൂടിനായി...

എം ജഷീനUpdated: Monday Jul 2, 2018

നിപാ രോഗികളെ പരിചരിക്കുന്നതിനിടെ മരിച്ച നേഴ്‌സ്‌ ലിനിയുടെ മകൻ സിദ്ധാർഥ്‌ മൊബൈൽ ഫോണിൽ അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ ഉമ്മ നൽകുന്നു. കോഴിക്കോട്‌ സംഘടിപ്പിച്ച നിപാ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായവരെ ആദരിക്കുന്ന ചടങ്ങിൽനിന്ന്‌ / ഫോട്ടോ: ജഗത്‌ ലാൽ


നിപാ പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി  രണ്ടുവയസുകാരൻ  സിദ്ധാർഥുമായി എത്തിയതാണ‌് സജീഷും കുടുംബവും. ചുറ്റുമുള്ള കാഴ‌്ച കണ്ട‌് അമ്മയുടെ സഹോദരി ലിജിയുടെ ഒക്കത്തിരുന്ന സിദ്ധുവിന്റെ ഭാവം പെട്ടെന്നാണ‌് മാറിയത‌്. സമീപത്ത‌ുള്ള  ബോർഡിലേക്ക‌് കൈ ചൂണ്ടി  അമ്മേ... അമ്മേ എന്ന‌് പറഞ്ഞ‌് കരയാൻ തുടങ്ങി. അറിയുംമുമ്പേ അകന്ന സ‌്നേഹച്ചൂടിനായി ആ  കുഞ്ഞിക്കണ്ണുകൾ നിറഞ്ഞൊഴുകി. വിരൽചൂണ്ടി അമ്മയുടെ അടുത്തേക്ക‌് പോകാൻ വാശിപിടിച്ചു.  ഹാളിലേക്ക‌് കയറുമ്പോഴും പുറകോട്ട‌് തിരിഞ്ഞ സിദ്ധുവിന്റെ നിറകണ്ണുകൾ അമ്മയെ തേടുകയായിരുന്നു. ഒരുവിധത്തിലാണ‌് ശ്രദ്ധ തിരിച്ച‌് അച‌്ഛൻ സജീഷും കുടുംബവും അകത്തേക്കുകയറിയത‌്. നിപാ രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗം വന്ന‌് മരിച്ച പേരാമ്പ്ര താലൂക്ക‌് ആശുപത്രി നേഴ‌്സ‌് ലിനിയുടെ മകൻ രണ്ടുവയസുകാരൻ  സിദ്ധാർഥ‌് ആദരിക്കൽ ചടങ്ങിൽ എല്ലാവരിലും മായാത്തനോവായി. സദസ്സിൽ ലിജിയുടെ മടിയിലായിരുന്നു സിദ്ധാർഥ‌്. ചിരിച്ചും  കുസൃതി കാണിച്ചും നടക്കുമ്പോഴും അമ്മയുടെ ഫോട്ടോ കണ്ടാൽ പിന്നെ അവൻ മാറും.  മൊബൈലിൽ  അമ്മയെ കണ്ടപ്പോൾ തുരുതുരാ ഉമ്മയാണ‌്.

ആദരിക്കൽ ചടങ്ങിൽ മറ്റെന്തിനേക്കാളും ഹൃദയഭേദകമായിരുന്നു ആ രണ്ടു വയസുകാരന്റെ കരച്ചിലും കുസൃതിയും. മന്ത്രി കെ കെ ശൈലജ എത്തിയ ഉടനെ സിദ്ധാർഥിനെ  കൊഞ്ചിച്ചു.  ലിനിയുടെ മക്കൾ നാടിന്റെയും സർക്കാരിന്റെയും മക്കളെന്ന‌് മന്ത്രിമാരായ ശൈലജയും ടി പി രാമകൃഷ‌്ണനും പറഞ്ഞപ്പോൾ സദസ്സും കൈയടിയോടെ അതേറ്റു.  പലരും എത്തി സജീഷിനോട് മക്കളുടെ വിശേഷങ്ങൾ ചോദിച്ചു. അഞ്ച‌് വയസുകാരൻ ഋതുൽ പനി കാരണം ചടങ്ങിനെത്തിയില്ല. സിദ്ധാർഥിന‌് പാല‌് കൊടുത്ത‌് ഡ്യൂട്ടിക്ക‌് പോയ നേഴ‌്സ‌് ലിനിയെ അസുഖമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ‌്. പിന്നീട‌് സുരക്ഷാകാരണങ്ങളാൽ മൃതദേഹം പോലും മക്കൾക്ക‌് കാണാൻ വിട്ടുകൊടുത്തിരുന്നില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top