20 April Friday

മകരവിളക്ക് ഒരുക്കം ജാഗ്രതയോടെ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


തിരുവനന്തപുരം > ശബരിമല മകരവിളക്ക് ദര്‍ശനത്തിന് ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒരുക്കം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിക്കും. തീര്‍ഥാടകര്‍ക്ക് മതിയായ സൌകര്യം ഉറപ്പാക്കണം.

മകരവിളക്കിന് മുന്നോടിയായി സന്നിധാനത്ത് 13, 14, 15 തീയതികളില്‍ ഓരോ വകുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ ഉത്തരവാദപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ വകുപ്പുകളും നടത്തിയ മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ തുടങ്ങിയ മേഖലകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

മകരവിളക്ക് വീക്ഷിക്കാനെത്തുന്നവര്‍ക്ക് സൌകര്യാര്‍ഥം എല്ലായിടത്തും ലൈറ്റുകള്‍ ഉറപ്പാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷ ശക്തമാക്കുന്നതിന് ഒരുക്കങ്ങള്‍ ഉറപ്പാക്കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. മകരവിളക്ക് കഴിഞ്ഞ് പമ്പയിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ ക്രമീകരിക്കും. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, വനം തുടങ്ങി വിവിധ വകുപ്പുകളും അനുബന്ധ ഏജന്‍സികളും ക്രമീകരണങ്ങള്‍ വിശദീകരിച്ചു.
മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി തോമസ്, ജി സുധാകരന്‍, എം എം മണി,  കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍,  പി തിലോത്തമന്‍, കെ രാജു, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, അംഗം കെ പി ശങ്കരദാസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top