Top
20
Saturday, January 2018
About UsE-Paper

അങ്കമാലി സിഐയുടെ കാര്യാലയം ഇനി പൊലീസ് അനക്സ് ഓഫീസാകും

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌

അങ്കമാലി > അങ്കമാലി പൊലീസ്സ്റ്റേഷന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധികാരപരിധിയിലായതോടെ  നിലവിലെ പൊലീസ് ഇന്‍സ്പെക്ടറുടെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സ്റ്റേഷന്‍ ഹൌസ് ഓഫീസറായ എസ് മുഹമ്മദ് റിയാസ് തിങ്കളാഴ്ച മുതല്‍ അങ്കമാലി പൊലീസ് സ്റ്റേഷന്റെ ചുമതലയേറ്റു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം ഇനി  ക്രൈം ഇന്‍വെസ്റ്റിഗേഷന്റെയോ, പൊലീസ് അന്വേഷണ ഏജന്‍സികളുടെയോ അനക്സ് ഓഫീസായി പ്രവര്‍ത്തിക്കും.

1982 ഡിസംബറിലാണ് അങ്കമാലിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും, എസ്ഐ റാങ്കിലുള്ള റൈറ്ററും, സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അധികാരപരിധിയിലുള്ള അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളിലെ മറ്റ് ഏഴ് ഉദ്യോഗസ്ഥരുമാണ് സര്‍ക്കിള്‍ ഓഫീസില്‍ സേവനമനുഷ്ടിച്ചിരുന്നത്. സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുകയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസറായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇനി അതത് സ്റ്റേഷനുകളിലായിരിക്കും സേവനം ചെയ്യുക. സര്‍ക്കിള്‍ ഓഫീസിലെ റൈറ്ററും, സ്വീപ്പറും ഇനി അങ്കമാലി സ്റ്റേഷനിലായിരിക്കും. എന്നാല്‍ സര്‍ക്കിള്‍ ഓഫീസിലെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ത്തശേഷമായിരിക്കും ഉദ്യോഗസ്ഥര്‍ മടങ്ങുക.

അതേസമയം അങ്കമാലി സര്‍ക്കിള്‍ ഓഫീസിന്റെ അധികാര പരിധിയിലായിരുന്ന ചെങ്ങമനാട് സ്റ്റേഷനില്‍ ഏതാനും മാസങ്ങള്‍ക്കകം മറ്റൊരു സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ചുമതലയേല്‍ക്കും. അതുവരെ ചെങ്ങമനാട് എസ്ഐ എ കെ സുധീറായിരിക്കും സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ ചുമതല നിര്‍വഹിക്കുക.